പനത്തടി : കാസര്‍കോട് ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പൂടംകല്ലടുക്കം ഉന്നതി സന്ദര്‍ശനവും, പരാതി പരിഹാര അദാലത്തും സംഘടിപ്പിച്ചു. ബളാംതോട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന അദാലത്ത് ചടങ്ങ് ജില്ലാ പോലീസ് സൂപ്രണ്ട് വിജയ ഭരത് റെഡി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ജില്ല ക്രൈംബ്രാഞ്ച് ആന്റ് എസ്എംഎസ് ഡിവൈഎസ്പി ടി ഉത്തംദാസ് അദാലത്തുമായി ബന്ധപ്പെട്ട വിശദീകരണ പ്രസംഗം നടത്തി. രാജപുരം സി ഐ രാജേഷ് കുമാര്‍ അധ്യക്ഷം വഹിച്ചു. എസ്.ഐമാരായ പ്രദീപ്കുമാര്‍, എ.യു ദിവാകരന്‍, വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍, പി.ടി.എ പ്രസിഡന്‍് കെ എന്‍ വേണു , പ്രിന്‍സിപ്പാള്‍ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ട്രൈബല്‍ ഓഫീസര്‍, വി.ഇ.ഒ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ഫോറസ്റ്റ്, എക്‌സൈസ്, മൃഗസംരക്ഷണം, കൃഷി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ സംബന്ധിച്ചു. പരാതികള്‍ക്ക് അടിയന്തിര നടപടികള്‍ക്കായി ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയും പോലീസുദ്യോസ്ഥരും പൂടംകല്ലടുക്കം ഉന്നതി സന്ദര്‍ശിച്ച് സാമൂഹിക പഠനകേന്ദ്രത്തിലെത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം നല്കാമെന്ന് അറിയിക്കുകയും ചെയ്തു.
