സ്‌കൂള്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായിഹോസ് ദുര്‍ഗ്ഗ് ബി ആര്‍ സി പരിധിയിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

കാഞ്ഞങ്ങാട് : സ്‌കൂള്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സമഗ്ര ശിക്ഷാ കേരളം ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാഥമിക ഘട്ടത്തില്‍ ജില്ലാതലത്തില്‍ ബി ആര്‍ സി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. തുടര്‍ന്ന് ഉപജില്ലയിലെ എസ്ആര്‍ജി കണ്‍വീനര്‍ മാര്‍ക്ക് ഏകദിന പരിശീലനം നടന്നു.സ്‌കൂള്‍ സുരക്ഷാ സമിതി,ദുരന്ത നിവാരണ പ്ലാന്‍ എന്നിവ തയ്യാറാക്കുന്നതിനെക്കുറിച്ചും ദുരന്തങ്ങള്‍ വന്നാല്‍ അഭിമുഖീകരിക്കേണ്ടതിനെ കുറിച്ചും പരിശീലനത്തില്‍ പരിചയപ്പെടുത്തി.വിദ്യാലയം തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും പരിശീലനത്തില്‍ ചര്‍ച്ച ചെയ്തു. ഹോസ്ദുര്‍ഗ് ബി ആര്‍ സിയില്‍ വെച്ച് നടന്ന പരിശീലനം കാഞ്ഞങ്ങാട് എസ് എച്ച് ഒ പി.അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ മികച്ച പോലീസ് ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്‌കൂള്‍ സുരക്ഷയെക്കുറിച്ചും കുട്ടികള്‍ നേരിടുന്ന ലഹരി, സൈബര്‍ അധിനിവേശം, മൊബൈല്‍ ഉപയോഗം എന്നിവയെ കുറിച്ച് വിശദമായി സംസാരിച്ചു. അധ്യാപകര്‍ കുട്ടികള്‍ക്ക് എങ്ങനെ മാതൃകയാകണമെന്നും ഇന്നത്തെ കുട്ടികളുടെ കുട്ടികളുടെ സ്വാഭാവ രീതികളിലെ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കാതോളി മുഖ്യാതിഥിയായി പങ്കെടുത്തു. ഹോസ്ദുര്‍ഗ്ഗ് ബിപിസി ഡോ. കെ വി രാജേഷ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ട്രെയിനര്‍ സനില്‍കുമാര്‍ വെള്ളവ സ്വാഗതവും സി ആര്‍ സി കോഡിനേറ്റര്‍ നയനകുമാരി നന്ദിയും പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് ബി ആര്‍ സി പരിധിയിലെ 4പഞ്ചായത്തുകളിലും 2 മുന്‍സിപ്പാലിറ്റികളിലുമായി 106 വിദ്യാലയങ്ങളിലെ അധ്യാപകര്‍ 2 ബാച്ചുകളിലായി നടന്ന പരിശീലനത്തില്‍ പങ്കെടുത്തു.

error: Content is protected !!