കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം മെയ് 16 മുതല്‍; ദുര്‍ഗ ഹൈസ്‌കൂളില്‍ 16 ന് രാവിലെ 10.30 ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ഈ വര്‍ഷത്തെ പുസ്തകോത്സവം മെയ് 16,17,18 തീയതികളില്‍ദുര്‍ഗ ഹൈസ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അമ്പതിലധികം പ്രസാധകരുടെ നൂറ് പുസ്തക സ്റ്റാളുകള്‍ പുസ്തകമേളയിലുണ്ടാകും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രസാധകരുടെ മികച്ചതും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയതുമായ പുസ്തകങ്ങള്‍ ഗ്രന്ഥശാലകള്‍ക്കും പൊതുജനങ്ങല്‍ക്കും വിലക്കിഴിവോടെ പുസ്തകോത്സവത്തില്‍ ലഭ്യമാകും.
14.5 കോടി രൂപയാണ് കേരളത്തിലെ ഗ്രന്ഥശാലകള്‍ക്ക് ലൈബ്രറി കൗണ്‍സില്‍ പുസ്തകം വാങ്ങുവാന്‍ ഗ്രാന്റായി നല്‍കുന്നത്. കാസര്‍കോട് ജില്ലയിലെ 478 ഗ്രന്ഥശാലകള്‍ക്ക് 85 ലക്ഷം രൂപയാണ് പുസ്തക ഗ്രാന്റ്. അത്യുത്തര കേരളത്തില്‍ ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നിസ്തുലമായ പങ്കുവഹിച്ച വിവാന്‍ കെ.കെ. നായരുടെ ജന്മശതാബ്ദിവര്‍ഷത്തില്‍ അദ്ദേഹത്തിന്റെ നാമധേയമാണ് പുസ്തകോത്സവ നഗരിക്ക് നല്‍കിയിരിക്കുന്നത്. ഈയിടെ വിട്ടുപിരിഞ്ഞ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ജി. അംബുജാക്ഷന്റെ പേരിലുള്ള നഗറിലാണ് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക.

മെയ് 16 ന് രാവിലെ 10.30 ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അധ്യക്ഷയായിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബിബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ‘പുസ്തകം എത്രകാലം’ എന്ന വിഷയത്തില്‍ ഇ.പി. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടന്‍, വിദാന്‍, കെ.കെ. നായര്‍ ജന്മശതാബ്ദി അനുസ്മരണം നടത്തും. വിവിധ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഗ്രന്ഥാലോകം മുഖ്യപത്രാധിപര്‍ പിവികെ പനയാല്‍ പ്രകാശനം ചെയ്യും.
വൈകിട്ട് 4 മണിക്ക് ഭാഷ- സംസ്‌കാര വൈവിധ്യം പ്രതിരോധവും അതിജീവനവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. ഡോക്ടര്‍ എ.എം. ശ്രീധരന്‍ മോഡറേറ്ററാകും ഡോ. സി. ബാലന്‍, നാലപ്പാടം പത്മനാഭന്‍, ഡോ.കെ.വി. സജീവന്‍, വനിത.ആര്‍ ഷെട്ടിഎന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും 6 ന് ഒ.എന്‍.വി. കവിതാലാപനമത്സരം ജില്ലാലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിഭാഗത്തിനാണ് മത്സരം. 17 ന് രാവിലെ 10 മണിക്ക് ഉറൂബിന്റെ ചെറുകഥ ‘ഭഗവാന്റ അട്ടഹാസം’ റീഡീംഗ് തിയറ്റര്‍ സങ്കേതത്തില്‍ അവതരിപ്പിക്കും. റീഡിംഗ് തിയറ്റര്‍ കലാകാരന്മാരെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വികെ മധു ആദരിക്കും.
ഉച്ചയ്ക്ക് 2 ന് നടക്കുന്ന ലൈബ്രേറിയന്‍ സംഗമവേദി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വികെ മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് മണിക്ക് പൊതുവിഭാഗത്തിനായി പി. ജയചന്ദ്രന്‍ പാടിയ ചലച്ചിത്ര ഗാനങ്ങളുടെ ആലാപനമത്സരം നടക്കും. കവി. സി.എം. വിനയചന്ദ്രന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യും.

18 ന് രാവിലെ 11 ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നാടകോത്സവത്തില്‍ സമ്മാനം നേടിയ കാസര്‍കോട് ജില്ലാ നാടക സംഘാംഗങ്ങള്‍, സംസ്ഥാന വായനമത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച തച്ചങ്ങാട് ഹൈസ്‌കൂളിലെ കെ.പൃഥ്വിരാജ്, എന്‍. വൈഷ്ണവി എന്നിവരെ അനുമോദിക്കും. നാടക സംവിധായകന്‍ ‘ വി.ശശി ഉപഹാരസമര്‍പ്പണം നടത്തും. പി മുരളീധരന്‍ അനുമോദനഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനം നാടകകൃത്ത് രാജ്മോഹന്‍ നീലേശ്വരം ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍ കണ്‍വീനര്‍ ഡോ.പി പ്രഭാകരന്‍ പി.വി കെ.പനയാല്‍ പി.വേണുഗോപാലന്‍ പപ്പന്‍ കുട്ടമത്ത് , ടി.രാജന്‍ . കെ. പ്രേസനന്‍, സുനില്‍ പട്ടേന എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!