പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍; തുരുത്തി അസിനാര്‍മുക്ക് സ്വദേശിനി കെ. ബിന്ദുവാണ് അറസ്റ്റിലായത്.

ചെറുവത്തൂര്‍ :പൂട്ടിയ വീട് പട്ടാപ്പകല്‍ തുറന്ന് മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. തുരുത്തി
അസിനാര്‍മുക്ക് കൊന്നുകുടിച്ചി സ്വദേശിനി കെ. ബിന്ദു (44) നെയാണ് ചന്തേര ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബിന്ദു പിലിക്കോട് തോട്ടം തൊഴിലാളിയാണ്. പയ്യങ്കൈ മലയരുവിലെ കെ.ബിന്ദുവിന്റെ വീട്ടിലാണ് ഏപ്രില്‍ 27 ന് രാവിലെ 10 നും വൈകിട്ട് 5 മണിക്കും ഇടയില്‍ കവര്‍ച്ച നടന്നത്. ബിന്ദുവും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് കാഞ്ഞങ്ങാട് പോയി വൈകിട്ട് 5ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതിലിന്റെ ഒരു പാളി തുറന്നു കിടക്കുന്നതായി കണ്ടു. സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീടിനകത്തെ അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ച മാല, ഒരു കൈച്ചെയിന്‍, ഒരു മോതിരം എന്നിവ നഷ്ടപ്പെട്ടതായി അറിയുന്നത്. കാഞ്ഞങ്ങാട് പോകുമ്പോള്‍ വീട് പൂട്ടി താക്കോല്‍ വീടിന് പുറത്തുണ്ടായിരുന്ന തയ്യല്‍ മിഷിനിലെ ബോക്സില്‍ സൂക്ഷിച്ചിരുന്നു. ഇവിടെ നിന്ന് താക്കോല്‍ എടുത്താണ് വീട് തുറന്ന് കവര്‍ച്ച നടത്തിയത്.ബിന്ദുവിന്റെ പരാതിയെ തുടര്‍ന്ന് എസ്.ഐ കെ.പി.സതീഷിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

അയല്‍വാസികളും മറ്റും ചോദ്യം ചെയ്തു. സമീപ പ്രദേശത്തെ 10ഓളം സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് ബിന്ദുവിലേക്ക് അന്വേഷണം നീണ്ടത്. യുവതിയെ വീട്ടിലെത്തിയും സ്റ്റേഷനില്‍ എത്തിച്ചും ചോദ്യം ചെയ്തു. പിന്നീടാണ് യുവതി മോഷണം സമ്മതിച്ചത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ നീലേശ്വരത്തെ കെഎംകെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വര്‍ണ്ണം വില്‍പ്പന നടത്തിയ ജ്വല്ലറിയില്‍ നിന്നും ബിന്ദു ഒരു മാലയും രണ്ടും മോതിരവും ബാക്കി പണവുമാണ് വാങ്ങിയത്. പുതിയതായി വാങ്ങിയ സ്വര്‍ണാഭരണങ്ങളും 52000 രൂപയും ബിന്ദു താമസിക്കുന്ന വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ് ഐ . കെ പി സതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ
ഹരീഷ്, സുധീഷ് ഓരി , രഞ്ജിത്ത്, അജിത്ത്, ലിസ, സൗമ്യ,ഡ്രൈവര്‍ ജിതിന്‍ എന്നിവരുടെ അന്വേഷണ മികവിലാണ് മൂന്ന് ദിവസം കൊണ്ട് തന്നെ പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

error: Content is protected !!