കാഞ്ഞങ്ങാട്:ഇത്തവണയും സംഘാടക മികവിന്റെ പര്യായമായി കളിക്കാരും കാണികളും ഒരുപോലെ ഏറ്റെടുത്ത ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ നടത്തിയ എസ്എഫ്എ അംഗീകൃത കെ സെവന്‍സ് സോക്കര്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആവേശജ്വലമായ സമാപനം. സംസ്ഥാനത്തിനകത്തെ മികച്ച ക്ലബ്ബുകളും കളിക്കാരും അണിനിരന്ന ടൂര്‍ണ്ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ അല്‍ മദീന ചെറുപ്പളശേരിയുടെ താരങ്ങളുമായി അണിനിരന്ന മുന്‍ ചാമ്പ്യന്മാരായ അരയാല്‍ ബ്രദേഴ്സ് അതിഞ്ഞാലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സെബാന് എഫ്സി കോട്ടക്കല്ലിന്റെ താരങ്ങളുമായി കളത്തില്‍ ഇറങ്ങിയ സ്പോര്‍ട്ടിംങ്ങ് ഇമ്മാറത്ത് മൂന്നാംമൈല്‍ ജേതാക്കളായി ടൂര്‍ണമെന്റിന്റെ ചാമ്പ്യന്മാരായി. കോരിച്ചൊരിയുന്ന മഴയെ വകവക്കാതെ നിറഞ്ഞു കളിച്ച കളിക്കാരും അവര്‍ക്ക് പിന്തുണയുമായി നിറഞ്ഞു കവിഞ്ഞ ഗാലറിയും ഒരേപോലെ ഫൈനല്‍ പോരാട്ടം ഏറ്റെടുക്കുകയായിരുന്നു.
ആവേശകരമായ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോളുകള്‍ അടിച്ചത്. സ്പോര്‍ട്ടിംങ്ങ് മൂന്നാം മൈലാണ് രണ്ടാം പകുതിയില്‍ ആദ്യ രണ്ടുഗോളുകള്‍ നേടി മുന്നിലെത്തിയത്. പിന്നീട് അരയാല്‍ ബ്രദേഴ്സ് ഒരു ഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചുവന്നു. അവസാനം നിമിഷം വരെ സമനിലക്കായി നിരവധി ശ്രമം നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ ഒരു മണിക്കൂര്‍ നീണ്ടുനിന്ന വാശിയേറിയ ഫൈനല്‍ മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുടങ്ങിയപ്പോള്‍ ഒന്നിനെതിരെ രണ്ടുകോളുകള്ക്ക് സ്പോര്‍ട്ടിംങ്ങ് മൂന്നാം മൈല്‍ കെ സെവന് സോക്കറിന്റെ പുതിയ ചാമ്പ്യന്മാരായി. ആവേശകരമായ ടൂര്‍ണമെന്റിന്റെ ആവേശകരമായ സമ്മാന വിതരണ ചടങ്ങില്‍ വി വി രമേശന്, അഡ്വ. ഷാലുമാത്യു അഡ്വ.കെ രാജ്മോഹന്‍,സംഘാടകസമിതി ചെയര്മാന് പി കെ നിഷാന്ത്,ജനറല്‍ കണ്‍വീനര്‍ വി ഗിനീഷ്,കെ സബീഷ്,ശിവജിവെള്ളിക്കോത്ത്,മൂലക്കണ്ടം പ്രഭാകരന്, കെ വിജയകൃഷ്ണന് ,എന്‍. പ്രിയേഷ്,വിപിന്‍ ബല്ലത്ത് തുടങ്ങിയവര്‍ വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും മികച്ച കളിക്കാര്‍ക്കും സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സ്പോര്‍ട്ടിങ് ഇമാറത്ത് മൂന്നാം മൈലിന്റെ താലിബയും മികച്ച ഗോള്‍ കീപ്പറായി ഷിഹാനും, ഫൈനല്‍ മത്സരത്തിലെ മികച്ച താരമായി റഹീമിനെയുംതിരഞ്ഞെടുത്തു.
