മുറിയനാവിയിലെയും അജാനൂര്‍ കടപ്പുറത്തെയും രണ്ടു വീടുകളില്‍ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി; 2 പേര്‍ക്ക് എതിരെ കേസ്

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടു വീടുകളില്‍ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി. നേരത്തെ എം ഡി എം എ പിടികൂടിയ കേസിലെ പ്രതിയായ കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ഷാജഹാന്‍ അബൂബക്കറിന്റെ വീട്ടില്‍ നിന്നും 3.610 ഗ്രാം എംഡിഎംഎയും അജാനൂര്‍ കടപ്പുറത്ത് നൗഷാദിന്റെ വീട്ടില്‍ നിന്നും 1.790 ഗ്രാം എംഡിഎംഎയും 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്. ഹോസ്ദുര്‍ഗ് എസ്.ഐ വി.മോഹനന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ ചുമരില്‍ തൂക്കിയിട്ടിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നും, സോക്‌സിന്റെ അകത്തു നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. എസ്‌ഐക്കൊപ്പം പോലീസുകാരായ രാഗേഷ്, ശ്രീജേഷ്, ജ്യോതിഷ്, സുപ്രിയ, അജീഷ്, നികേഷ് എന്നിവരും എം ഡി എം എ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ഹോസ്ദുര്‍ഗ് എസ് ഐ സി വി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നൗഷാദിന്റെ വീട്ടില്‍ നിന്നും കഞ്ചാവും എംഡിഎയും പിടികൂടിയത് . വീട്ടിലെ കിടപ്പുമുറിയിലെ ബെഡിന് അടിയിലെ കട്ടിലില്‍ നിന്നും അലമാരയില്‍ നിന്നുമാണ് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്. പോലീസ് വരുന്നത് കണ്ട് നൗഷാദ് വീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഷൈജു, സനീഷ്, ധന്യ, രാജേഷ് എന്നിവരും മയക്കു മരുന്ന് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍പി അജിത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് മയക്കുമരുന്ന് വേട്ടനടത്തിയത്.

error: Content is protected !!