ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ അന്തരിച്ചു

ബംഗലുരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗലുരുവിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുള്ളയാളാണ് അദ്ദേഹം. രാജ്യസഭാംഗം, ആസൂത്രണ കമ്മീഷന്‍ അംഗം, വിവിധ സര്‍വകലാശാലകളുടെ നേതൃത്വത്തിലും കരിക്കുലം രൂപീകരണത്തിലും സംഭാവന ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം.

1994 മുതല്‍ 2003 വരെ അദ്ദേഹം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. തന്റെ കാലത്ത് ഐ.എസ്.ആര്‍.ഒയുടെ നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അദ്ദേഹം ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. ആസൂത്രണ കമ്മീഷന്‍ അംഗമായിട്ടും ഇരുന്നിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വൈസ് ചാന്‍സലറും കര്‍ണാടക വിജ്ഞാന കമ്മീഷന്‍ അംഗവുമാണ് ബാംഗ്ളൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1982 ല്‍ പത്മശ്രീ പുരസ്‌ക്കാരവും 1992 ല്‍ പത്മഭൂഷനും 2000 ല്‍ പത്മവിഭൂഷനും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. 1940 ല്‍ എറണാകുളത്ത് ജനിച്ച അദ്ദേഹം പിന്നീട് 15 വയസ്സിന് ശേഷം മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം കാരണം വിശ്രമത്തിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

error: Content is protected !!