കാഞ്ഞങ്ങാട്: അബുദാബി കെ.എം.സി.സി സംസ്ഥാന ട്രഷററും പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന സി.എച്ച് അസ്ലമിന്റെ ഓര്‍മകളുമായി പുറത്തിറങ്ങുന്ന സ്മരണികയുടെ പ്രകാശനം നാളെ വൈകിട്ട് 3 മണിക്ക് കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ക്ലാസ്സിക്കോ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശം നിര്‍വ്വഹിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും.
കഴിഞ്ഞ വര്‍ഷം മെയ് 6നാണ് അസ്ലം ഈ ലോകത്തോട് വിടപറഞ്ഞത്. ജനനം മുതല്‍ വിയോഗം വരെയുള്ള സി.എച്ച് അസ്ലമിന്റെ ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന, പ്രമുഖരുടെ ലേഖനങ്ങളും ലേഖനങ്ങളും അപൂര്‍വ്വ ചിത്രങ്ങളുമുള്ള ഓര്‍മകളുടെ പുസ്തകമാണ് സി.എച്ച് അസ്ലം സ്മരണിക. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും പി.കെ ഫിറോസ് കണ്‍വീനറും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ കോര്‍ഡിനേറ്ററും സംസ്ഥാന കമ്മിറ്റി അംഗം ഷെരീഫ് സാഗര്‍ എഡിറ്ററുമായ സമിതിയാണ് സ്മരണിക തയ്യാറാക്കിയത്.
