രസിക ശിരോമണി പുരസ്‌കാരം ജയചന്ദ്രന്‍ തകഴിക്കാരന്

കാഞ്ഞങ്ങാട് : രസിക ശിരോമണി കോമന്‍ നായരുടെ പേരില്‍ തിയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് ഏര്‍പ്പെടുത്തിയ നാലാമത് രസിക ശിരോമണി പുരസ്‌കാരം പ്രമുഖനടന്‍ ജയചന്ദ്രന്‍ തകഴി ക്കാരന് . 15000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് പുരസ്‌കാരം. രാജ്മോഹന്‍ നീലേശ്വരം, ഇ വി ഹരിദാസ്, ഉദയന്‍ കുണ്ടംകുഴി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ 35 വര്‍ഷങ്ങളായി നാടകം നാടന്‍ പാട്ട് വഞ്ചിപ്പാട്ട് തുടങ്ങിയ മേഖലകളില്‍ സജീവമാണ് ജയചന്ദ്രന്‍ തകഴി ക്കാരന്‍ . കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടിയ 5 നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതിലൊന്ന് ജോസഫിന്റെ റേഡിയോ (ഏകപാത്ര നാടകം) 2021 ല്‍ കേരളാ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ലഭിച്ചു. കൂടാതെ അരളി അവാര്‍ഡ് അക്ഷരപ്പെയ്ത്ത് അവാര്‍ഡ്,മലയാള പുരസ്‌കാരം, ഭരത് പി.ജെ. ആന്റണി മെമ്മോറിയല്‍ അവാര്‍ഡ്, കലാഭവന്‍ മണിഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഓടപ്പഴം അവാര്‍ഡ്, തുടങ്ങി ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. രണ്ട് ഏകപാത്ര നാടകങ്ങള്‍ വേദികളില്‍ അവതരിപ്പിച്ചു വരുന്നു. നീലവെളിച്ചം, എബ്രഹാം ഓസ്ലര്‍, പെട്ടറാപ്പ് (തമിഴ്) കുമ്മാട്ടിക്കളി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  തീയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് ശോഭന ക്ലബ് രാവണീശ്വരം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ രാവണീശ്വരത്ത് വച്ച് ഏപ്രില്‍ 18, 19 ,20 തീയതികളില്‍ നടക്കുന്ന തിങ്കളും താരങ്ങളും നാടക ക്യാമ്പിനോട് അനുബന്ധിച്ചാണ് 18ന് ഇ ചന്ദ്രശേഖരന്‍എംഎല്‍എ, ജയചന്ദ്രന്‍ തകഴിക്കാന് പുരസ്‌കാരം സമ്മാനിക്കും.
കുട്ടികളിലെ നാടക പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വര്‍ഷംതോറും തീയറ്റര്‍ ഗ്രൂപ്പ് നടത്തുന്ന തിങ്കളും താരങ്ങളും നാടക ക്യാമ്പില്‍ നാടക രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. ഉദയന്‍ കുണ്ടംകുഴിയാണ് ക്യാമ്പ് ഡയറക്ടര്‍. കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ എന്‍ മണിരാജ്,തീയറ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ വി കൃഷ്ണന്‍, കണ്‍വീനര്‍ സി.നാരായണന്‍, വിനീഷ് ബാബു, സികെ ശശി നമ്പ്യാര്‍, രവീന്ദ്രന്‍ നീലേശ്വരം, ഗംഗാധരന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!