വഖഫ് നിയമ ഭേദഗതി എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശം സംരക്ഷിക്കാന്‍ : എം.എല്‍. അശ്വിനി

രാജപുരം : വഖഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് എല്ലാ വിഭാഗം ജനങ്ങളുടെ അവകാശം സംരക്ഷിക്കാനാണെന്നും മുനമ്പത്തുള്‍പ്പെടെ കിടപ്പാടം നഷ്ടപ്പെടുമെന്ന് ഭയന്നു ജീവിച്ചവര്‍ക്ക് ഈ ഭേദഗതി വലിയ ആശ്വാസമാണെന്നും ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി പറഞ്ഞു. ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബിജെപി സ്ഥാപന ദിനാചരണവും പ്രവര്‍ത്തക കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.വഖഫ് നിയമഭേദഗതിയെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ മുനമ്പത്തെ ജനങ്ങള്‍ ഭേദഗതിയെ ആവേശത്തോടെ സ്വീകരിച്ചതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ് കേരളത്തിലെ ജനങ്ങളും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും നയങ്ങളും അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും അശ്വിനി പറഞ്ഞു.കള്ളാര്‍ പഞ്ചായത്തിന്റെ പുതിയ ബിജെപി ഭാരവാഹികള്‍ക്ക് കണ്‍വന്‍ഷനില്‍ സ്വീകരണം നല്‍കി. വിവിധ കേന്ദ്ര ജനക്ഷേമ പദ്ധതികളെ കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബി വിനീത് കുമാര്‍, എന്‍. മധു, വി. കുഞ്ഞിക്കണ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. വേണുഗോപാല്‍, മണ്ഡലം ട്രഷറര്‍ കൃഷ്ണകുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ. മാധവന്‍, സി. ബാലകൃഷ്ണ നായര്‍, മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിമാരായ ശശിധരന്‍, ഭരതന്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!