ബങ്കളത്തെ ലഹരി, മാലിന്യ മുക്തമാക്കാന്‍ ജന ജാഗ്രത സമിതി

നീലേശ്വരം : ലഹരിക്കും മാലിന്യത്തിനുമെതിരെ പോര്‍മുഖം തുറന്ന് ബങ്കളം പ്രദേശം. ഒരു തലമുറയെ തന്നെ നെറികേടിന്റെ തുരുത്തിലേക്ക് നട തള്ളുന്ന ലഹരി മാഫിയക്കെതിരെയും, ചുറ്റുപാടുകള്‍ മലിനമാക്കുന്ന പുതിയ കാലത്തിന്റെ ദുശീലത്തിനുമെതിരെ വാര്‍ഡിലെ ജനങ്ങളെ പോരാളികളാക്കി പ്രതിരോധ കോട്ട തീര്‍ക്കുകയാണിവര്‍. പ്രതിരോധത്തിന്റെ കോട്ടകള്‍ക്ക് മുകളില്‍ 50 പേരടങ്ങുന്ന ഹോപ് സ്‌ക്വാഡുണ്ടാവുമിവിടെ മിഴിയടക്കാതെ കാവലാളായി.

മടിക്കൈ പഞ്ചായത്തിലെ പത്താം വാര്‍ഡായ ബങ്കളത്താണ് നാടിനെ ലഹരി, മാലിന്യ മുക്തമാക്കാന്‍ ജനകീയ ജാഗ്രത സമിതി രൂപീകരിച്ചത്. രൂപീകരണയോഗത്തില്‍ വാര്‍ഡിനകത്തെ ലഹരി ഉപയോഗത്തിനും പരിസരം മലിനമാക്കുന്നത്തിനു മെതിരെ കരുത്തുറ്റ ജാഗ്രത പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ്മായ വി പ്രകാശന്‍, ശ്രീനാരായണ ആശ്രമം സ്വാമി സുരേഷാനന്ദ, ആസൂത്രണ സമിതി അംഗം കെ പ്രഭാകരന്‍, ബങ്കളം ജുമാ മസ്ജിദ് ഭാരവാഹി ഹാരിസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹനന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രമ പത്മനാഭന്‍, പഞ്ചായത്ത് അംഗം വി രാധ, എ ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ വാര്‍ഡിലെ ലഹരി മാലിന്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനു വേണ്ടി 50 അംഗങ്ങള്‍ ഉള്ള ഒരു പ്രത്യേക സേന ഹോപ്പ് സ്‌ക്വാഡിന് രൂപം നല്‍കി. ജനകീയ ജാഗ്രത സമിതിയുടെ ചെയര്‍മാനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശനും വൈസ് ചെയര്‍മാനായി ഗോവിന്ദന്‍ കീലത്ത്, കണ്‍വീനവര്‍ കെ വി സുമതി, ജോയിന്റ് കണ്‍വീനവര്‍ കെ വി മധു, എന്നിവരെ തെരെഞ്ഞെടുത്തു. ഹോപ്പ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുടുംബശ്രീ സഹായത്തോടെ അടുത്തരണ്ട് ദിവസങ്ങളില്‍ വീടുകളില്‍ ലഘു ലേഖ വിതരണം ചെയ്യും. ലഘു ലേഖയുടെ പ്രകാശനവും രൂപീകരണയോഗത്തില്‍ നടന്നു. അതോടൊപ്പം ശുചീകരണത്തിന്റെ ഭാഗമായി വാര്‍ഡിലെ കുടുംബശ്രീ കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വാര്‍ഡ് പൂര്‍ണമായും ഒറ്റ ദിവസം കൊണ്ട് ശുചീകരിക്കുന്നതിനു തീരുമാനിച്ചു.

സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ അല്ലെങ്കില്‍ അസമയങ്ങളില്‍ തെരുവോരങ്ങളിലും ബസ്റ്റാന്റ്കളിലുമെല്ലാം സംഘടിച്ച് നില്‍ക്കുന്ന പുതിയ കാലത്തെ ആളുകളെ പറഞ്ഞു ബോധ്യപെടുത്താനും ഇത്തരം പ്രവണതകളില്‍ നിന്നും അവരെ ഒഴിവാക്കുന്നതിനും ആവശ്യമായ തീരുമാനം കൈകൊണ്ടു, അതോടൊപ്പം 100 മീറ്റര്‍ ഇടവിട്ട് വാര്‍ഡിലെ മുഴുവന്‍ കേന്ദ്രങ്ങളിലും ലഹരി മാലിന്യ മുക്ത ബോര്‍ഡുകള്‍ സ്ഥാപിക്കും. വാര്‍ഡ് പരിധിയിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍,യുവജന സംഘടനകള്‍ എന്നിവരുടെ ലേബലുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക. ആവേശകരമായ അനുഭവമാണ് ഇന്ന് ഹോപ്പ് സ്‌ക്വാഡ് രൂപീകരണത്തില്‍ ഉണ്ടായത്, വാര്‍ഡിനെ പൂര്‍ണമായും മാലിന്യ മുക്തവും ലഹരി മുക്തവുമാക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും വേറിട്ട പ്രവര്‍ത്തനത്തിനാണ് പത്താം വാര്‍ഡ് നേതൃത്വം കൊടുക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ സ്‌ക്വാഡിനും ഇതിന്റെ പ്രവര്‍ത്തനത്തിനുമെല്ലാം ലഭിച്ചിട്ടുള്ളത്. ഇതിന്റെ മുന്നോടിയായി 16 ന് വാര്‍ഡിന്റെ നേതൃത്വത്തില്‍ വാര്‍ഡ് തല ഗ്രാമസഭയോഗം ചേര്‍ന്നിരുന്നു. ഗ്രാമസഭ യോഗത്തില്‍ ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലചന്ദ്രന്‍, എക്‌സൈസ് പ്രിവേന്റീവ് ഓഫീസര്‍ രഘുനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമസഭ യോഗത്തിന് ശേഷം വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. എല്ലാ വീടുകളും കയറിയിറങ്ങി ജനകീയ കണ്‍വെന്‍ഷന്റെ നോട്ടീസ് വിതരണം നടത്തി. ജനങ്ങള്‍ ആകെ ഏറ്റെടുക്കുന്ന ഏറ്റവും ആവേശകരമായ പരിപാടിയായി ഈ പരിപാടി മാറിയിട്ടുണ്ടെന്നു വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിപ്രകാശന്‍പറഞ്ഞു.

error: Content is protected !!