പോലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പോലീസിനെ കണ്ടപ്പോള്‍ കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയില്‍ സംഭവം ഉണ്ടായത്. താമരശ്ശേരിയില്‍ വെച്ച് പോലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഷാനിദ് കൈയില്‍ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇയാളെ പിടിച്ചു.
എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍ മുമ്പ് ലഹരി കേസുകള്‍ ഉണ്ടെന്നും പോലീസ്പറയുന്നു.

error: Content is protected !!