പരപ്പ : യുവ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 2,34000 രൂപ തട്ടിയെടുത്ത സംഭവം ബാങ്ക് ഇടപാടുകാരെ ആശങ്കയിലാക്കി. ബിരിക്കുളം ചെന്നക്കോട്ടെ യുവ വ്യാപാരിയായ കെ. ഹരിഹരന്റെ പരപ്പ കനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് 234,000 രൂപ തട്ടിയെടുത്തത്. സംഭവം ഹരിഹരന് അപ്പോള്‍ തന്നെ ബാങ്ക് അധികൃതരെ അറിയിച്ചെങ്കിലും അവര്‍ കൈമലര്‍ത്തുകയാണ് ചെയ്തത്. ബാങ്ക് അക്കൗണ്ട്മായി ബന്ധപ്പെട്ട ഒരു വിവരങ്ങളും താന്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് ഹരി പറയുന്നു. മിനുട്ടുകളുടെ ഇടവേളകളില്‍ രണ്ട് തവണകളായി രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം പിന്‍വലിച്ചത്. ഹരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒന്നും കൈമാറാതെ അക്കൗണ്ടില്‍ നിന്നും ഇത്രയും പണം നഷ്ടപ്പെട്ട സംഭവം ബാങ്കിലെ മറ്റ് നിക്ഷേപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം പണം നഷ്ടപ്പെട്ട് ഏഴു ദിവസത്തിനുള്ളില്‍ ബാങ്കില്‍ പരാതിപ്പെട്ടാല്‍ അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കുമെന്ന് റിസര്‍വ്ബാങ്ക് പറയുന്നുണ്ടെങ്കിലും പരപ്പ കനറ ബാങ്ക് അധികൃതര്‍ ഇതിനു വ്യക്തമായ ഒരു മറുപടി നല്‍കുന്നില്ല. മൊബൈല്‍ ബാങ്ക് ആപ്ലിക്കേഷന്‍ വഴി പണം അയക്കുവാന്‍ ഒരു ബെനിഫിഷറി ആഡ് ചെയ്തു 24 മണിക്കൂര്‍ കഴിയാതെ ഇത്രയും പണം ഒരുമിച്ച് നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു. താങ്കളുടെതല്ലാതെ തെറ്റി ബാങ്കിലെ ഡിപ്പോസിറ്റില്‍ നിന്നും പണം നഷ്ടപ്പെട്ടാല്‍ അത് തിരികെ ലഭിക്കാന്‍ ഇടപാടുകള്‍ക്ക് അവകാശമുണ്ടെന്നാണ് റിസര്‍വ് ബാങ്ക് രേഖകള്‍ പറയുന്നത്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതിനാല്‍ നഷ്ടപ്പെട്ട തുക അത് ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തുമെന്നാണ് റിസര്‍വ്ബാങ്കിന്റെ അറിയിപ്പായി കിട്ടുന്നത്. എന്നാല്‍ പരപ്പ കാനറ ബാങ്ക് അധികൃതര്‍ പണം തിരികെ ലഭിക്കുമെന്ന് ഒരു ഉറപ്പും നല്‍കുന്നില്ലെന്ന് ഹരിഹരന് പറയുന്നു. ഇതോടെ പരിഭ്രാന്തരായ മറ്റു നിക്ഷേപകരും പണം പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ്.
