മലയാള സിനിമക്ക് കാഞ്ഞങ്ങാട് നിന്നൊരു നായകന്‍

കാഞ്ഞങ്ങാട്: മലയാള സിനിമയില്‍ കാവ്യാമാധവന്‍, സനുഷ തുടങ്ങി നായിക കഥാപാത്രങ്ങളായി തിളങ്ങിയ കാസര്‍കോടിന്റെ മണ്ണില്‍ നിന്നും നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് യുവ താരം എത്തുന്നു. മാര്‍ച്ച് 7 ന് റിലീസ് ആവുന്ന മലയാള ചിത്രമായ പരിവാറില്‍ നായകനായി എത്തുന്നത് കാഞ്ഞങ്ങാട്ടുകാരന്‍ ഋഷികേശ് ആണ്.ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ പാര്‍ടൈം ജീവനക്കാരന്‍ കാഞ്ഞങ്ങാട് അടമ്പില്‍ ബല്ലയിലെ ഗോപാലന്റെയും അംഗണ്‍വാടി ടീച്ചര്‍ ജയശ്രീയുടെയും മകനാണ് ഋഷികേശ്.
ഡിജിറ്റല്‍ വില്ലേജ് ആയിരുന്നു ഋഷികേശ്‌ന്റെ ആദ്യത്തെ സിനിമ. ഡിജിറ്റല്‍ വില്ലേജിന്റെ സംവിധായകരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തന്നെ ആണ് പരിവാറിന്റെയും സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്.

നര്‍മ്മത്തിന് പ്രാധാന്യം നല്‍കികൊണ്ട് അഞ്ച് സഹോദരങ്ങളുടെ കഥ പറയുന്ന പരിവാറില്‍ ഏറ്റവും ഇളയ സഹോദരനായ
അര്‍ജുന്‍ എന്ന നായക വേഷമാണ് ഋഷികേശ് ചെയ്യുന്നത്.ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍, മീനാരാജ് എന്നിവര്‍ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍- ബ്ലെസി സിനിമയായ പ്രണയം അടക്കം നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ഫ്രാഗ്രന്റ്‌നേച്ചര്‍ ഫിലിം ക്രീയേഷന്‍സ് എന്ന ഫിലിം കമ്പനി ആണ് ‘പരിവാര്‍ ‘ നിര്‍മ്മിച്ചിട്ടുള്ളത്.

നായികയായി പുതുമുഖ താരമായ ഭാഗ്യ ജയേഷാണ്. അഞ്ചു ഗാനങ്ങളുള്ള സിനിമയുടെ ചിത്രീകരണം പ്രധാനമായും എറണാകുളം, പിറവത്തെ പാഴൂര്‍ മന എന്നിവിടങ്ങളില്‍ വച്ചാണ് പൂര്‍ത്തീകരിച്ചത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജുപാലാണ് സംഗീതം നല്‍കുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍ സുരഭി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയരായ ഉണ്ണിമായ നാലപ്പാടവും ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കവിയും ടെലിവിഷന്‍ അവതാരകനുമായ നാലപ്പാടം പത്മനാഭന്റെ മകളാണ് ഉണ്ണിമായ. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ എന്നാ താന്‍ പോയി കേസ് കൊട്, സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തുടങ്ങിയ സിനിമകളില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ച തൃക്കരിപ്പൂര്‍ സ്വദേശിയായ ഷൈനി വിജയന്‍ പരിവാറില്‍ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നുണ്ട്.

error: Content is protected !!