പാണത്തൂര്‍ : കളിയാട്ടം നടക്കുന്ന പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്രത്തില്‍ ആശംസ നേരാന്‍ പാണത്തൂര്‍ ജമാഅത്ത് ഭാരവാഹികളെത്തി. ജമാ അത്ത് ഭാരവാഹികളെ കാട്ടൂര്‍ തമ്പാന് നമ്പ്യാരുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു.വര്‍ഷങ്ങളായി മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പാണത്തൂര്‍ ജമാഅത്ത് ഭാരവാഹികളും, പാണത്തൂര്‍ മഖാം ഉറൂസിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്രം ഭാരവാഹികളും പരസ്പര സന്ദര്‍ശനം നടത്താറുണ്ട്. രണ്ട് ആരാധനാലയങ്ങളും തമ്മില്‍ പൗരാണികമായ ചില ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് തുടര്‍ന്ന് കൊണ്ടുപോകാന്‍ ഇരു ആരാധനാലയ ഭാരവാഹികളും ശ്രദ്ധ ചെലുത്താറുമുണ്ട്. ക്ഷേത്ര ഭാരവാഹികളുടെ ആദിത്യം ഏറ്റുവാങ്ങി പരസ്പര സ്നേഹത്തിന്റെയും, മതേതരത്വത്തിന്റെയും നന്മയുള്ള സന്ദേശം പരസ്പരം കൈമാറി മടങ്ങുമ്പോള്‍ 2025 ഏപ്രില്‍ 10 മുതല്‍ നടക്കുന്ന ഉറൂസിന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും മുഴുവന്‍ ഭക്തജനങ്ങളെയും ജമാഅത്ത് ഭാരവാഹികള്‍ സ്നേഹദരവുകളോടുകൂടി ക്ഷണിച്ചു. ജമാ അത്ത് ഭാരവാഹികളായ കെ.കെ. അബ്ദുള്‍ റഹ്മാന്, മുനീര്‍ പി.കെ, അസീസ് കോപ്പട്ടി, ഖാലിദ് കോളനി, അബ്ബാസ് എം.ബി, ജമാല്‍ എം.ബി, മൊയ്തു കുണ്ടുപ്പള്ളി, മുഹമ്മദ് കുഞ്ഞി പി.എ,സലീം കെ.സി എന്നിവരും മറ്റ് ചില മഹല്‍ അംഗങ്ങളുമാണ് ക്ഷേത്രത്തിലെത്തിയത്.
മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ആശംസകളുമായി പാണത്തൂര്‍ ജമാഅത്ത് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി
