കാസര്‍കോട് വീണ്ടും വന്‍ മയക്കുമരുന്നു വേട്ട: കുമ്പളയില്‍ എംഡിഎംഎ യുമായി 4 പേര്‍ പോലീസ് പിടിയില്‍

കാസര്‍കോട് : വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായി നിര്‍ത്തിയിട്ട കാറില്‍ നിന്നും 21.05 ഗ്രാം എം ഡി എം എ യുമായി 4 പേര്‍ പിടിയിലായി . ഉപ്പള കോടിബയല്‍ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33 ) , കാസര്‍കോട് അടുക്കത്ത്ബയല്‍ സ്വദേശി മുഹമ്മദ് സാലി (49 ), മംഗല്‍പാടി സോങ്കാല്‍ സ്വദേശി മൂസ ഷഫീഖ് (30) , കാസര്‍കോട് അടുക്കത്ത്ബയല്‍ സ്വദേശി മുഹമ്മദ് സവാദ് (28 ) എന്നിവരാണ്
കുമ്പള പോലീസിന്റെ പിടിയിലായത് .

കൂടല്‍മാര്‍ക്കളയിലെ ചാവടിക്കട്ട എന്ന സ്ഥലത്തു സംശയാസ്പദമായി നിര്‍ത്തിയിട്ട കെ എല്‍ 14 എ എഫ് 2230 നമ്പര്‍ കാര്‍
ശ്രദ്ധയില്‍ പെടുകയും പോലീസിനെ കണ്ട് പ്രതികള്‍ വാഹനവുമായി കടന്നു കളയാന്‍ ശ്രമിച്ചു. പോലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു നിര്‍ത്തുകയും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് സംഘം ശ്രമകരമായി 4 പേരെയും പിടികൂടുകയുമായിരുന്നു. വാഹനത്തില്‍ നിന്നും കവറുകളില്‍ സൂക്ഷിച്ച നിലയില്‍ 21.05 ഗ്രാം എം ഡി എം എ കണ്ടെത്തി. കാസര്‍കോട് ഡിവൈഎസ്പി സി കെ.സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കുമ്പള സബ് ഇന്‍സ്പെക്ടര്‍ കെ. ശ്രീജേഷ്, എഎസ്‌ഐ മനോജ് ബി എല്‍, സിനിയര്‍ പോലീസുദ്യോഗസ്ഥന്‍ ചന്ദ്രന്‍, സി പി ഒ ശരത്ത്, അജീഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത് .
അടുത്ത കാലത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ കാസര്‍കോട് ജില്ലാ പോലീസ് ‘സേഫ് കാസര്‍കോട് ‘ എന്ന പേരില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസി ന്റെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ചുമതലയുള്ള ഡിവൈഎസ്പി ഉത്തംദാസ് ന്റെ നേതൃത്വത്തിലുള്ള DANSAF ടീം അംഗങ്ങളാണ് ജില്ലയിലുടനീളം മയക്കുമരുന്ന് പിടികൂടാന്‍ നിരന്തരം പരിശോധനകള്‍ നടത്തി വരുന്നത്.

 

error: Content is protected !!