കാഞ്ഞങ്ങാട് : മൂന്നുനാള്‍ നീളുന്ന ത്യാഗരാജ പുരന്ദരദാസ സംഗീതോത്സവത്തിന് തുടക്കമായി. സംഗീതജ്ഞന് കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. സംഗീതസഭ പ്രസിഡന്റ് ബി.ആര്.ഷേണായ് അധ്യക്ഷനായി. പി.ജയചന്ദ്രന്, വി. കമലാകര്‍ റാവു, ഉസ്താദ് സാക്കിര്‍ ഹുസൈന് എന്നിവരെ പല്ലവ നാരായണന് അനുസ്മരിച്ചു. കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന് സംഗീതസഭയുടെ സ്മരണിക ബി.ജി.ഈശ്വര്‍ ഭട്ടിനു കൈമാറി പ്രകാശനം ചെയ്തു. മാധ്യമപ്രവര്ത്തകന് ഇ.വി.ജയകൃഷ്ണന്, കാഞ്ഞങ്ങാട് ആര്‍ട്ട്ഫോറം പ്രസിഡന്റ് വി.സുരേഷ് മോഹന്‍, എം.ശ്രീകണ്ഠന് നായര്‍, ഉഷാ ഈശ്വര്‍ ഭട്ട്, പി.പി.ജഗദീശന് എന്നിവര്‍ സംസാരിച്ചു. ശെമ്മങ്കുടി ശ്രീനിവാസയ്യര്‍ തുടക്കമിട്ട സംഗീതോത്സവം തുടര്‍ച്ചയായ 37-ാം വര്‍ഷമാണ് നടക്കുന്നത്. സദ്ഗുരു ത്യാഗബ്രഹ്മ സംഗീതസഭയാണ് സംഘാടകര്‍. ഉദ്ഘാടന കച്ചേരിയില്‍ സിക്കില്‍ ഗുരുചരണ്‍ പാടി. എസ്.ആര്.മഹാദേവ ശര്‍മ വയലിനിലും നാഞ്ചില് എ.ആര്.അരുള്‍ മൃദംഗത്തിലും കുറിച്ചിത്താനം എസ്. അനന്തകൃഷ്ണന് ഘടത്തിലും പക്കമേളം വായിച്ചു. സംഗീതോത്സവത്തില്‍ ഇന്ന് : രാവിലെ ഒന്‍പതിന് സംഗീതാരാധന, വൈകീട്ട് നാലിന് വിനീത് പുറവങ്കര പാടും. ആറിന് ഡോ.ശ്രീരംഗം വെങ്കട നാഗരാജന് കച്ചേരി അവതരിപ്പിക്കും. ബി.കെ.രഘു(വയലിന്), ബെംഗളൂരു അര്‍ജുന്‍കുമാര്‍(മൃദംഗം), ബി.രാജശേഖര്‍(ഘടം)
ത്യാഗരാജ പുരന്ദരദാസ സംഗീതോത്സവത്തിന് തുടക്കമായി; സംഗീതജ്ഞന് കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു
