വിദ്യാര്‍ഥിനികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു; 3 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കണ്ണൂര്‍: വിദ്യാര്‍ഥിനികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫോണില്‍ സൂക്ഷിച്ച കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ഷാന്‍, ഷാരോണ്‍, അഖില്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇരിട്ടി അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജ് വിദ്യാര്‍ഥികളാണിവര്‍. വിദ്യാര്‍ഥികള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സൂക്ഷിച്ച ഫോണ്‍ മറ്റൊരു വിദ്യാര്‍ഥിയുടെ കൈവശമെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫോണില്‍ വിദ്യാര്‍ഥിനികളുടേയും അധ്യാപികമാരുടേയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ കണ്ട വിദ്യാര്‍ഥി വിവരം പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കരിക്കോട്ടക്കരി പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കോളേജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.

error: Content is protected !!