കേളോത്ത് എക്കാല്‍ ശ്രീവയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ‘തൃക്കൈവീത്’ എന്ന ഉത്സവഗാനങ്ങളുടെ ഓഡിയോ സിഡി പ്രകാശനം നടന്നു

പുല്ലൂര്‍:  ഒന്നര നൂറ്റാണ്ടിന് ശേഷം കേളോത്ത് എക്കാല്‍ ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് 2025 മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ശ്രീവയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് നാട്ടുകാരനായ ഉത്തംദാസ് ഉത്രം തയ്യാറാക്കിയ ‘തൃക്കൈവീത്’ എന്ന
ഉത്സവഗാനങ്ങള്‍ അടങ്ങിയ ഓഡിയോ സിഡിയുടെ പ്രകാശനകര്‍മ്മം കേളോത്ത് എക്കാല്‍ തറവാട്ടില്‍ വെച്ച് നടന്നു.
പൂരക്കളി അക്കാദമി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെ കുഞ്ഞിരാമന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
പ്രശസ്ത ശബ്ദകലാകാരന്‍ കരിവെള്ളൂര്‍ രാജന്‍ മുഖ്യാതിഥിയായി പ്രഭാഷണം നടത്തി.

ശ്രീവയനാട്ട് കുലവദേവന്റെ ഐതിഹ്യം ഉള്‍പ്പെടുത്തിയ ഉത്സവഗാനങ്ങളുടെ ഗാനരചനയും ആലാപനവും ആവിഷ്‌ക്കാരവും നിര്‍വ്വഹിച്ചിരിക്കുന്നത് കേളോത്ത് സ്വദേശിയും കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യുമായ ഉത്തംദാസ് ആണ്.
മീനു മണികണ്ഠന്‍, നവ്യ നാരായണന്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ആഘോഷ സമിതി ചെയര്‍മാന്‍ സി രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ കുഞ്ഞിരാമന്‍ കേളോത്ത് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പി പ്രീതി,ബാലകൃഷ്ണന്‍ പെരിയ, ക്ഷേത്ര കോയ്മ തറവാട് പ്രസിഡന്റ് മനോജ് തടത്തില്‍, കാട്ടൂര്‍ തറവാട് കാരണവര്‍ തമ്പാന്‍ നായര്‍ തുളൂര്‍വനം,
അടോട് പഴയ സ്ഥാനം മൂത്തേടത്ത് കുതിര് ദേവസ്ഥാനം പ്രസിഡന്റ് കൊട്ടന്‍കുഞ്ഞി, ഐശ്വര്യ കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
ഉത്സവഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍: ശ്രീജിത്ത് നീലേശ്വരം, വിനോദ് സാരംഗം ചെറുവത്തൂര്‍, നാദസ്വരം: മുരളിധരന്‍ കണ്ണൂര്‍, ഓടക്കുഴല്‍: ജയന്‍ ഈയ്യക്കാട്, വീണ: ശ്രീജു കോഴിക്കോട് , ഡിജിറ്റല്‍ ഗ്രാഫിക് ഡിസൈനിംഗ്: പ്രജിത്ത് പെരിയ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

ചെറുവത്തൂര്‍ സാരംഗം സൗണ്ട് റെക്കോഡിംഗ് സ്റ്റുഡിയോയില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത് അജയകുമാര്‍ കേളോത്ത്, കെടി സുരേഷ് ബാബു പാലത്തിങ്കാല്‍ എന്നിവരുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഓഡിയോ ഗാനങ്ങള്‍ ആഘോഷക്കമ്മിറ്റിക്ക് സമര്‍പ്പിച്ചത്.
ചടങ്ങില്‍ വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികര്‍, കോലധാരികള്‍, കോയ്മ അംഗങ്ങള്‍, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, വിശിഷ്ട വ്യക്തിത്വങ്ങള്‍, സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കേളോത്ത് എക്കാല്‍ തറവാട് ശ്രീവയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവം 2025 മാര്‍ച്ച് 09, 10, 11, 12, 13 തീയ്യതികളില്‍നടക്കും.

error: Content is protected !!