മനുഷ്യന്റെ ആര്‍ത്തിയാണ് പ്രകൃതി ദുരന്തം വിളിച്ചു വരുത്തുന്നത്: ഡോ:അംബികാസുതന്‍ മാങ്ങാട്

കൊന്നക്കാട് /കോട്ടഞ്ചേരി : മനുഷ്യന്റെ ആര്‍ത്തിയാണ് പ്രകൃതി ദുരന്തം വിളിച്ചു വരുത്തുന്നതെന്ന് പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. കേരള വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവത്ക്കരണ വിഭാഗം കോട്ടഞ്ചേരി വനവിദ്യാലയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ഹരിത സാഹിത്യ സഹവാസ ക്യാമ്പ് – ‘കുറിഞ്ഞി ‘ – ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ കറന്നു കുടിക്കണം. അരിഞ്ഞ് കുടിക്കരുത്.’ വടക്കന്‍ കേരളത്തിലെ തൊണ്ടച്ഛന്‍ തെയ്യത്തിന്റെ വായ്‌മൊഴി നാം മറന്നുപോകരുത്. വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് പാടേണ്ടത് ഹൃദയം കൊണ്ടാണ്. ഭയങ്ങളെയും അസ്വാസ്ഥ്യങ്ങളെയുമാണ് എഴുത്തുകാരരന്‍ പ്രമേയമാക്കുന്നതെന്നും ഓരോ എഴുത്തും പ്രവചനം പോലെ യാഥാര്‍ഥ്യമാവുകയും ചെയ്യുന്നുവെന്ന് തന്റെ കഥകളായ പ്രാണവായുവും ചിന്നമുണ്ടിയും പരാമര്‍ശിച്ച് അംബികാസുതന്‍ ക്യാമ്പംഗങ്ങളെ ഓര്‍മ്മപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തില്‍ കവിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ പ്രമോദ് ജി കൃഷ്ണന്‍ ഐഎഫ്എസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി പി. ബിജു ,ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫ് ,സീക്ക് പ്രസിഡന്റ് സി. രാജന്‍ , റെയ്ഞ്ച് ഓഫീസര്‍മാരായ സോളമന്‍ ടി.ജി , പി. രതീശന്‍, കെ. രാഹുല്‍ , കെ ഗിരീഷ്, ഡിപ്പോ ഓഫീസര്‍ കെ.ഇ ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു. സീക്ക് ഡയരക്ടര്‍ ടി.പി പത്മനാഭന്‍ (പ്രകൃതി,ശാസ്ത്രം, സാഹിത്യം അനുഭവം ) നോവലിസ്റ്റ് വിനോയ് തോമസ്,
(ആനത്തം പിരിയത്തം വന്യതയുടെ വൈരുധ്യങ്ങള്‍) കവികളായ പദ്മനാഭന്‍ ബ്ലാത്തൂര്‍, മാധവന്‍ പുറച്ചേരി ( സുഗത സ്മൃതിയില്‍ കവിതയിലെ കാട് ) ഡോ:പി കെ ഭാഗ്യലക്ഷ്മി (കഥകളില്‍ ദേശം വരയ്ക്കുമ്പോള്‍ ) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.കഥാകൃത്തുക്കളായ മൃദുല്‍ വിഎം,അര്‍ജുന്‍ കെ. എന്നിവര്‍ എഴുത്തനുഭവങ്ങള്‍ പങ്കു വെച്ചു. ഹുബാഷിക ഡയറക്ടര്‍ എം.വി സന്തോഷ് കുമാര്‍ മോഡറേറ്ററായി. തുടര്‍ന്ന് വന നടത്തം നടന്നു.പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ: ഇ ഉണ്ണികൃഷ്ണന്‍, സുസ്മിത ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി
പി. ബിജു സ്വാഗതവും ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍ നന്ദിയും പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും നൂറോളം എഴുത്തുകാര്‍പങ്കെടുത്തു.

error: Content is protected !!