‘ പണ്ട് ഞാങ്ങള്‍ സൂുക്കേട് വന്നാല്‍ ഡാക്കിട്ടര്‍മാരെയൊന്നും കാണിക്കൂല, ഇപ്പോ നീങ്ക നമ്മളെ കൂടീല് വന്നപ്പോ വല്യ സന്തോയായി ‘
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: രാംദാസിന്റെ കൈപിടിച്ച് പറയുമ്പോള്‍ എണ്‍പതിനോടടുത്ത കൊറപ്പാളുന്റെ കണ്ണില്‍ നിന്നും സന്തോഷത്തിന്റെ കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു.. ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് ബന്തടുക്ക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോലായക്കൂട്ടം – വീട്ടുമുറ്റ ആരോഗ്യ സംവാദമാണ് സമാനതകളില്ലാത്ത ഒത്തുചേരല്‍ വേദിയായി മാറിയത്. മാനടുക്കം ഉന്നതിയില്‍ നിക്ഷയ് ശിവിര്‍ ക്ഷയരോഗ ബോധവല്‍ക്കരണം, അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പരിപാടി, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായാണ് കോലായക്കൂട്ടം സംഘടിപ്പിച്ചത്.ഉന്നതിയിലെ ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തിയ കോലായക്കൂട്ടത്തില്‍ ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ്,കുഷ്ഠരോഗ നിര്‍ണയ പരിശോധന എന്നിവയും സംഘടിപ്പിച്ചു.
വിവിധവിഷയങ്ങളില്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ശാസ്ത്രീയമായ മറുപടി നല്‍കിയപ്പോള്‍ പുത്തനറിവുകളുടെ സന്തോഷത്തിലായി കോലായയില്‍ ഒത്തുചേര്‍ന്നവര്‍..
തുടിതാളത്തിന്റെ ചടുലതയില്‍ മംഗലംകളി ചുവടുകളും ആട്ടവും പാട്ടും ലഘുനാടകവുമൊക്കെയായി നാട്ടുകൂട്ടം ആഘോഷമാക്കി മാറ്റി കോലായക്കൂട്ടത്തെ . പാലക്കാട് ശരവണനും സംഘവുമൊരുക്കിയ മാജിക്ക് ഷോ ആരോഗ്യ സന്ദേശങ്ങളുടെ സന്തോഷക്കാഴ്ചകള്‍ സമ്മാനിക്കുന്നതായിരുന്നു. ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ പതിവ് രീതികളില്‍ നിന്നെല്ലാം മാറിനടന്ന കോലായക്കുട്ടം അക്ഷരാര്‍ത്ഥത്തില്‍ ഒരു നാടിന്റെ ഗ്രാമോത്സവമായി മാറുകയായിരുന്നു.
മാനടുക്കം ശാസ്ത്രി നഗര്‍ ഉന്നതിയില്‍ സംഘടിപ്പിച്ച കോലായക്കുട്ടത്തില്‍ ആശ്വമേധം 6.0 LCDC (ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്റെ) ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിര്‍വ്വഹിച്ചു . കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു.കാറഡുക്ക ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സവിത.പി , വൈസ് പ്രസിഡന്റ് ശോഭന കുമാരി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ കുംമ്പക്കോട് , കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) കാസറഗോഡ് ഡോ രാംദാസ് എ .വി , ഡെപ്യൂട്ടി ഡി എം ഓ ,ഡോ സന്തോഷ് കെ , അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ഡോ സന്തോഷ് ബി, അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ രാഘവന്‍ , ജില്ലാ ടി ബി ഓഫീസര്‍ ഡോ ആരതി രഞ്ജിത് , ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സച്ചിന്‍ സെല്‍വ് , ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ , ടെക്നിക്കല്‍ അസ്സിസ്റ്റന്‍ഡ് ചന്ദ്രന്‍ എം, മറ്റ് ജില്ലാ തല ഉദ്യോഗസ്ഥര്‍ , ബേഡഡുക്ക താലൂക്കാശുപത്രി സൂപ്രണ്ട് ഡോ കൃപേഷ് , ബന്തടുക്ക പ്രാഥമികാരോഗ്യത്തിലെ ഡോ സുബ്ബറായ,മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍പങ്കെടുത്തു.
