ആട്ടവും പാട്ടുമായി തൊങ്കല്‍; സിപി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്ത് നടന്ന കലാപരിപാടികള്‍ മുന്‍മന്ത്രി ടി കെ ഹംസ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : സിപി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൊങ്കല്‍ എന്ന പേരില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്ത് പി രാഘവന്‍ നഗറില്‍ തൊങ്കല്‍ കലാപരിപാടികള്‍ മുന്‍മന്ത്രി ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, അറബനമുട്ട് എന്നിവ അരങ്ങേറി. മാപ്പിളകലകള്‍ സമൂഹത്തില്‍ നടത്തിയ മുന്നേറ്റവും സ്വാധീനവും ശക്തമാണെന്ന് ടി കെ ഹംസ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി മാപ്പിള കലകളും ശബ്ദിച്ചിട്ടുണ്ട്. ഇത്തരം കലകള്‍ വലിയ തോതിലുള്ള സാമൂഹ്യ മാറ്റങ്ങള്‍ക്ക് കാരണമായി. പുലയന്മാര്‍ എഴുതുകയും പണന്മാര്‍ പാടുകയും ആടുകയും ചെയ്ത കലകളുടെ സ്വാധീനം മാപ്പിള പാട്ടുകളിലും കാണാന്‍ സാധിക്കും. കലക്ക് ജാതിയും മതവുമില്ലെന്നും മനുഷ്യനന്മയാണ് എല്ലാ കലകളും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച സിപിഐ എം നേതാവ് എ കെ നാരായണന്റെ ഓര്‍മ്മപുസ്തകത്തിന്റെ കവര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഉപഹാരങ്ങള്‍ ടി കെ ഹംസ വിതരണം ചെയ്തു. പി കെ നിഷാന്ത് അധ്യക്ഷനായി. പി കരുണാകരന്‍, വി വി രമേശന്‍, പി അപ്പുക്കുട്ടന്‍, അഡ്വ. കെ രാജ്മോഹനന്‍, കെ വി സുജാത, അഡ്വ. സി ഷുക്കൂര്‍, മൂലക്കണ്ടം പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എം രാഘവന്‍സ്വാഗതം പറഞ്ഞു.

error: Content is protected !!