കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോകളും ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു

കാഞ്ഞങ്ങാട് : ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറി ഗാന്ധിജിയുടെ ഫോട്ടോകളുടെയും സിനിമയുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു. പുതിയകോട്ട എ.സി.കണ്ണന്‍ നായര്‍ പാര്‍ക്കിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പ്രഭാവതി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.കെ.ബാബു, ഹോസ്ദുര്‍ഗ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.വി.സുരേഷ്ബാബു, ഇ.വി.പദ്മനാഭന്‍ മാസ്റ്റര്‍, നഗരസഭാ ലൈബ്രേറിയന്‍ പി.വി.രഘുനാഥന്‍, എന്നിവര്‍ സംസാരിച്ചു.

മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ അവിസ്മരണീയങ്ങളായ മുഹൂര്‍ത്തങ്ങളുടെ നൂറ്റിഅന്‍പതില്‍പ്പരം ചിത്രങ്ങളാണ് രാവിലെ പ്രദര്‍ശിപ്പിച്ചത്. ഗാന്ധിജിയുടെ ഫോട്ടോകള്‍ ശേഖരിച്ച് സൂക്ഷിച്ച് വെക്കുകയും പൊതു പരിപാടികള്‍ക്ക് സൗജന്യമായി പ്രദര്‍ശനത്തിന് നല്‍കുകയും ചെയ്യുന്ന റിട്ട.അധ്യാപകന്‍ ഇ.വി.പദ്മനാഭന് വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ ഉപഹാരം നല്‍കി. പ്രശസ്ത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ഗാന്ധി എങ്ങയെയാണ് മഹാത്മാ ഗാന്ധിയായി മാറുന്നത് എന്ന് പറഞ്ഞ്തരുന്ന ദി മേക്കിങ്ങ് ഓഫ് ദി മഹാത്മ എന്ന സിനിമ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം തയ്യാറാക്കിയ മലയാളം സബ് ടൈറ്റിലുകളോടെ വൈകുന്നേരം പ്രദര്‍ശിപ്പിച്ചു. പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ ആര്‍.നന്ദലാല്‍ സിനിമയെ പരിചയപ്പെടുത്തിക്കൊണ്ട്സംസാരിച്ചു.

error: Content is protected !!