അമ്പലത്തറ : പാം മീങ്ങോത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാജന്‍ മെമ്മോറിയല്‍ അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ വോളിബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ജോബി ജോസഫ് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് അമ്പലത്തറ അധ്യക്ഷതനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. വി. കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോ. സബിത സി. കെ, എ. വി. കുഞ്ഞമ്പു, പാം പ്രസിഡന്റ് ബാലന്‍ കുന്നുമ്മല്‍, പാം യു.എ.ഇ. കമ്മറ്റി അംഗം വിനോദ് കെ. വി. എന്നിവര്‍ സംസാരിച്ചു.
വോളിബോള്‍ രംഗത്ത് മീങ്ങോത്ത് നാട്ടില്‍ ഒരു കാലത്ത് ആവേശമായിരുന്ന കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അമ്പലത്തറ, ഖാലിദ് കാലിച്ചാപാറ, ?തമ്പാന്‍ എതിര്‍ക്കയ,മനോജ് കുമാര്‍ അമ്പലത്തറ,അബുബക്കര്‍ മാസ്റ്റര്‍ അമ്പലത്തറ, ദാമോദരന്‍ ചേലക്കോട്, വേണു പള്ളയില്‍, കൃഷ്ണന്‍ കല്ലംചിറ, ഭാസ്‌കരന്‍ ഇക്കരംക്കോട്, കൃഷ്ണന്‍ പുല്ലാകൊടി, ഗോപാലകൃഷ്ണന്‍ പള്ളയില്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കുഞ്ഞിരാമന്‍ അരീക്കര, നൗഷാദ് അമ്പലത്തറ, ആണ്ടി ബിതിയാല്‍ കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന്‍ റെഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഹരിപ്രിയ എന്നിവരെ ആദരിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ മനോജ് അമ്പലത്തറ സ്വാഗതവും സെക്രട്ടറി നിത്യ മധു നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ഇന്ത്യന്‍ ആര്‍മി കളിക്കാരുമായി കളത്തിലിറങ്ങിയ ഇ. എം. എസ്. സ്മാരക കലാ കായിക സമിതി മീങ്ങോത്ത് ചെന്നൈ യൂണിവേഴ്സിറ്റി താരങ്ങളുമായി എത്തിയ റിയല്‍ ഏജന്‍സീസ് പാറപ്പള്ളിയെ പരാജയപ്പെടുത്തി.
അതിര്‍ത്തിയില്‍ നെഞ്ചുവിരിച്ച് വെടിയുണ്ടകളെ നേരിടുന്ന അതേ ആവേശം കളിക്കളത്തില്‍ പുറത്തെടുത്ത ഇന്ത്യന്‍ ആര്‍മി പോരാളികള്‍ നേരിട്ടുള്ള മൂന്ന് സെറ്റുകളും നേടിയാണ് വിജയക്കുതിപ്പ് ആരംഭിച്ചത്. എതിര്‍ നിരയില്‍ റിയല്‍ ഏജന്‍സീസിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തി ശക്തമായ പ്രതിരോധം തീര്‍ക്കുന്നതില്‍ മുന്നില്‍ നിന്ന ഭരത് കളിയിലെ മികച്ച താരമായി. രണ്ടാം മത്സരത്തില്‍ യൂണിവേഴ്സിറ്റി താരങ്ങളുമായി എത്തിയ ജോളി കാനായിയെ ശക്തരായ പി. പി. ബ്രദേഴ്‌സ് അമ്പലത്തറ മറികടന്നു.
ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് വിജയിച്ചത്. മുംബൈ സ്‌പൈക്കേഴ്‌സ് ടീം പോരാളികളാണ് പി. പി. ബ്രദേഴ്‌സിനായി കളത്തിലിറങ്ങിയത്. രണ്ട് മത്സരം നേടി ഏകപക്ഷീയമായ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന പി. പി. ബ്രദേഴ്സിനെ ഞെട്ടിച്ചുകൊണ്ട് മൂന്നാം സെറ്റ് തട്ടിയെടുത്ത കാനായിയുടെ തിരിച്ചുവരവ് കാണികള്‍ക്ക് ആവേശം നിറച്ചു. ഒരു ഘട്ടത്തില്‍ മത്സരം അഞ്ചാം ഘട്ടത്തിലേക്ക് നടക്കുമെന്ന് കരുതിയെങ്കിലും മുംബൈ സ്‌പൈക്കേഴ്‌സിന്റെ മാരകമായ സ്മാഷുകള്‍ക്ക് മുമ്പില്‍ നാലാം സെറ്റ് കൂടി കൈവിട്ട ജോളി കാനായി മത്സരത്തില്‍ തോല്‍വി രുചിച്ചു. മികച്ച സ്മാഷുകളുമായി കളം നിറഞ്ഞാടിയ ഫാസില്‍ കളിയിലെ മികച്ച താരമായി.
ഇന്ന് വൈകിട്ട് 7 ന് നടന്ന ആദ്യ മത്സരത്തില്‍ വി. ഐ. പി. യു. എ. ഇ (സര്‍വീസസ് താരങ്ങള്‍ ) പി. പി. ബ്രദേഴ്‌സ് അമ്പലത്തറയുമായും
രണ്ടാം മത്സരത്തില്‍ കെ. എസ്. ഇ. ബി. കളിക്കാര്‍ അണിനിരക്കുന്ന ബ്രദേഴ്‌സ് എതിര്‍ക്കയ ഇ. എം. എസ്. സ്മാരക കലാ കായിക സമിതി, മീങ്ങോത്തുമായും ഏറ്റുമുട്ടും. പ്രവേശനംസാജന്യമാണ്.
