രാജപുരം : ഫെബ്രുവരി അഞ്ചു മുതല്‍ ഏഴു വരെ കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി എല്ലാ ഏരിയകളിലും ഓരോ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും. ഇതിന്റെ ഭാഗമായി പനത്തടി ഏരിയാ കമ്മിറ്റിയും കോളിച്ചാല്‍ ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്ന് ചെറുപനത്തടിയിലെ അക്ഷയയുടെ കുടുംബത്തിനായി നിര്‍മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ കൈമാറി.
ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഇതിനായി ഏരിയകളില്‍ പ്രത്യേക കമ്മിറ്റിയും പ്രവര്‍ത്തനവും സംഘടിപ്പിക്കുന്നുണ്ട്. 2022 ല്‍ മടിക്കൈ അമ്പലത്തുകരയില്‍ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായും ഏരിയകളില്‍ വീടു നിര്‍മിച്ച് നല്‍കിയിരുന്നു. ചെറുപനത്തടിയില്‍ നടന്ന താക്കോല്‍ കൈമാറ്റ ചടങ്ങില്‍ കെ പി സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രാഹം, ജില്ലാകമ്മിറ്റിയംഗം എം വി കൃഷ്ണന്‍, ഏരിയാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, എം സി മാധവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം പുഷ്പകുമാരി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ടി വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.
