local news

ഡോ.വി.ഗംഗാധരന്‍ മാസ്റ്റര്‍ക്ക് നാടിന്റെ ആദരം : ‘അക്ഷരമാനവം’ ഹിന്ദി സെമിനാര്‍ സംഘടിപ്പിച്ചു

നീലേശ്വരം: കാസര്‍കോട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, നെഹ്റു കോളേജ് പ്രിന്‍സിപ്പാളും കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാനുമായ ഡോ. വി. ഗംഗാധരന്‍ മാസ്റ്റര്‍ക്ക് പ്രൗഢഗംഭീരമായ ചടങ്ങില്‍ സ്‌നേഹാദരവുകള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങളെ മുന്‍നിര്‍ത്തി നീലേശ്വരം ഹിന്ദി ബി.എഡ് കോളേജില്‍ സംഘടിപ്പിച്ച ‘ അക്ഷരമാനവം ‘ ഹിന്ദി സെമിനാറും അനുമോദന സദസ്സും ശ്രദ്ധേയമായി. ‘ഹിന്ദി സാഹിത്യത്തിലെ മാനവികതയും സാമൂഹ്യമാറ്റത്തില്‍ അധ്യാപകന്റെ കടമയും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ നടന്നത്. ചടങ്ങില്‍ ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി. മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹിന്ദി ബി.എഡ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. സതീഷ് കുമാര്‍ പാണ്ഡെ സെമിനാര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സെമിനാര്‍ സെഷനില്‍ പി.കെ. ബാലചന്ദ്രന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. കവിയും എഴുത്തുകാരനുമായ ഡോ.ആനന്ദകൃഷ്ണന്‍ എടച്ചേരി പ്രബന്ധം അവതരിപ്പിച്ചു.
ഗോപി കാരാക്കോട് ചടങ്ങിന്റെ മോഡറേറ്ററായിരുന്നു. ആധുനിക കാലഘട്ടത്തില്‍ അധ്യാപകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഹിന്ദി സാഹിത്യത്തിലെ മാനവിക മൂല്യങ്ങളെക്കുറിച്ചും സെമിനാറില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി. സുകുമാരന്‍ മാസ്റ്റര്‍, വൈസ് പ്രിന്‍സിപ്പാള്‍ നിഷ എന്‍. , ചക്രവര്‍ത്തി, പുഷ്പലത, നിജില എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കുഞ്ഞികൃഷ്ണന്‍ മഠത്തില്‍ സ്വാഗതവും ജോ. കണ്‍വീനര്‍ പ്രസാദ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സാഹിത്യപ്രേമികളും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

 

error: Content is protected !!