local news

അനുസ്മരണവും ദൃഢപ്രതിജ്ഞയുമായി റോഡപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മദിനാചരണം

കാഞ്ഞങ്ങാട്: ഉള്ളുതൊടുന്ന അനുസ്മരണങ്ങളും ഇനിയൊരു അപകടവും ആവര്‍ത്തിക്കരുതെന്ന ദൃഢപ്രതിജ്ഞയുമായി റോഡപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മദിനം ആചരിച്ചു.
കാഞ്ഞങ്ങാട് സബ് ആര്‍.ടി.ഒ ഓഫിസിന്റെയും കാഞ്ഞങ്ങാട് റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വികാരനിര്‍ഭരമായ ഓര്‍മദിനാചരണം ഒരുക്കിയത്. എല്ലാ വര്‍ഷവും നവംബര്‍ മൂന്നാം ഞായറാഴ്ചയാണ് റോഡപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മദിനം. റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ സ്മരിക്കാം, അതിജീവിച്ചവരെ ആദരിക്കാം, സുരക്ഷിതമായ റോഡുകള്‍ക്കായി കൈകോര്‍ക്കാം എന്ന സന്ദേശത്തോടെ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ പരിപാടിയില്‍ ഏറ്റവും ഒടുവില്‍ നടന്ന രണ്ട് റോഡപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ആനന്ദ് കൃഷ്ണന്‍, അനുരാഗ് മനോജ്, ഓട്ടോഡ്രൈവര്‍ മോഹനന്‍ എന്നിവരുടെ ബന്ധുക്കളും പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. വിജയന്‍ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. സുനില്‍കുമാര്‍ മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ റമീസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. വൈകുണ്ഠന്‍, ഹോസ്ദുര്‍ഗ് എസ്.ഐ അബ്ദുല്‍ബാസിത്, ദുരന്തനിവാരണ സെല്‍ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി തുളസിരാജ്, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. മനോജ് കുമാര്‍, റോട്ടറി ഭാരവാഹി എം. വിനോദ്, ഡ്രൈവിങ് സ്‌കൂള്‍ കൂട്ടായ്മ പ്രതിനിധി പ്രവീണ്‍കുമാര്‍, ഓട്ടോത്തൊഴിലാളി യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹി കുഞ്ഞിരാമന്‍, ബസ് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ലക്ഷ്മണന്‍, റോഡപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കളായ പി.യു സൂരജ് നീലേശ്വരം, ശ്യാംബാബു വെള്ളിക്കോത്ത്, റിട്ട. സുബേദാര്‍ കെ.വി ബാബു, ഓട്ടോഡ്രൈവര്‍ കാലിച്ചാംപൊതിയിലെ മോഹനന്റെ മകന്‍ അനുരാഗ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടക സൗമ്യ സുനിലും ആശംസാ പ്രാസംഗികന്‍ പി.വി തുളസിരാജും തങ്ങളുടെ അച്ഛന്മാരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വാഹനാപകടങ്ങളിലാണ് മരിച്ചതെന്ന് അനുസ്മരിച്ചപ്പോള്‍ സദസ്സ് നിശബ്ദമായി. ആനന്ദ് കൃഷ്ണന്‍, അനുരാഗ്, മോഹനന്‍ എന്നിവരുടെ ഛായാചിത്രത്തില്‍ പരിപാടിയില്‍ പങ്കെടുത്തവരെല്ലാം പുഷ്പാര്‍ച്ചന നടത്തി.

ഉള്ളംകൈയില്‍ ദീപം തെളിയിച്ചുവച്ച് മോട്ടോര്‍ വാഹനനിയമങ്ങള്‍ പാലിക്കുമെന്നും ശ്രദ്ധയോടെയും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചും വിവേകത്തോടെയുള്ള ഡ്രൈവിങ് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും എല്ലാവരും ദൃഢപ്രതിജ്ഞയെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എ പ്രദീപ് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ പി.വി രതീഷ് സ്വാഗതവും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി നിജു നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

error: Content is protected !!