local news

സമഗ്ര വയോജന പാലിയേറ്റീവ് പരിചരണ പദ്ധതി അവതരണവും ചര്‍ച്ചയും 18 ന്; കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ സമഗ്ര വയോജന പാലിയേറ്റീവ് പരിചരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഭരണസാരഥികള്‍ക്കായി പദ്ധതി അവതരണവും ചര്‍ച്ചയും 18ന് രാവിലെ 10ന് കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ് മുഖ്യാതിഥിയാകും. ഭാരതീയ ചികിത്സാ വകുപ്പ് കാസര്‍കോട് ഡി.എം.ഒ ഡോ. പി.ആര്‍ സജി, ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് ഡി.എം.ഒ ഡോ. എ.കെ രേഷ്മ, വയോജന പാലിയേറ്റീവ് കെയര്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. കെ.വി പ്രമോദ് എന്നിവര്‍ സംബന്ധിക്കും. ഡി.പി.എം നാഷണല്‍ ആയുഷ് മിഷന്‍ കാസര്‍കോട് ഡോ. കെ. ദിലീപ് സ്വാഗതവും ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ഡോ. ഫാത്തിമ യാസ്മിന്‍ നന്ദിയും പറയും. തുടര്‍ന്ന് സമഗ്ര ആയുഷ് വയോജന പാലിയേറ്റീവ് പരിചരണ പദ്ധതി അവതരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചയും നടക്കും. ആയുഷ് വയോജന പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ച് പരിചരണം ആവശ്യമുള്ള മുഴുവന്‍ രോഗികളുടെയും വീടുകളില്‍ ആയുഷ് മെഡിക്കല്‍ ടീമിന്റെ സേവനം നേരിട്ടെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കി വയോജനങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കും സമഗ്രവും തുടര്‍ച്ചയായതുമായ ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിനുള്ള ഒരു ജനകീയ മാതൃക വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഡി.പി.എം നാഷണല്‍ ആയുഷ് മിഷന്‍ കാസര്‍കോട് ഡോ. കെ. ദിലീപ്, പടന്നക്കാട് ആയുര്‍വേദ ആശുപത്രി ഡി.എം.ഒ കെ. വിശ്വനാഥന്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!