ഐ. രാമറൈയുടെ കുടുംബത്തോട് കോണ്‍ഗ്രസ് നേതൃത്വം കാട്ടുന്ന അവഗണന അപമാനകരം: അഡ്വ. കെ.ശ്രീ കാന്ത്
കാസര്‍കോട് :ജില്ലയുടെ വികസനത്തിനും കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കുമായി അഹോരാത്രം നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച, കാസര്‍ഗോഡിന്റെ ആദ്യത്തെ ഡി.സി.സി പ്രസിഡന്റും മുന്‍ ലോക്സഭാ അംഗവുമായ അഡ്വ. ഐ. രാമ റൈയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കോണ്‍ഗ്രസ് നേതൃത്വം കാട്ടുന്ന അവഗണനയും പെരുമാറ്റവും അങ്ങേയറ്റം നിന്ദ്യവും അപമാനകരവുമാണെന്ന് ബി ജെ പി കണ്ണൂര്‍ മേഖല പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു. സ്വന്തം പാര്‍ട്ടി ഓഫീസില്‍ പോലും അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ്, പേര് വെക്കാന്‍ കുടുംബത്തോടുതന്നെ ലക്ഷക്കണക്കിന് രൂപ നല്‍കണമെന്ന് നിര്‍ബന്ധിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പണത്തിന് മാത്രം വില കല്‍പ്പിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തെയാണ് ഇത് തുറന്നുകാട്ടുന്നത്. രാമ റൈയുടെ സ്മരണയ്ക്കായി കോണ്‍ഗ്രസോ യുഡിഎഫോ ഒന്നും ചെയ്തില്ല എന്നത് ഏറെ ദു:ഖകരമാണ്. മലപ്പുറം ജില്ലക്കാരായ, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും പേരില്‍, ഒരു ജനപ്രതിനിധി പോലുമല്ലാതിരുന്നിട്ടും, നിരവധി സ്ഥാപനങ്ങളും സ്മാരകങ്ങളും യു.ഡി.എഫ് നേതൃത്വം നല്കുന്ന പഞ്ചായത്ത് ഭരണസമിതികള്‍ പടുത്തുയര്‍ത്തുന്നു. എന്നാല്‍ ജനപ്രതിനിധിയായും പാര്‍ട്ടി ജില്ലാ അധ്യക്ഷനായും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഐ. രാമ റൈയെ കോണ്‍ഗ്രസും യു.ഡി.എഫ് നേതൃത്വവും പാടെ അവഗണിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മറന്ന് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് മാത്രം സ്മാരകങ്ങള്‍ പണിയുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെയും ഈ ചിറ്റമ്മ നയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയും. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ക്ക് ഇത് അംഗീകരിക്കാന്‍ ഒരു കാരണവശാലും സാധിക്കില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.

