local news

മടിക്കൈയില്‍ പ്രകോപന പ്രസംഗം; പഞ്ചായത്ത് പ്രസിഡന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ബി.ജെ.പി

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്‍ നടത്തിയ പ്രകോപന പ്രസംഗത്തില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മടിക്കൈ ചതുരക്കിണറില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പ്രകാശന്‍ പ്രസംഗിച്ചത്.

ബി.ജെ.പി പ്രവര്‍ത്തകനായ ബാബു ചതുരക്കിണറിനെ പേരെടുത്ത് പറഞ്ഞാണ് പ്രകാശന്‍ പ്രകോപന പ്രസംഗം നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദി വിട്ടതിന് പിന്നാലെയാണ് പ്രകാശന്‍ സംസാരിച്ചു തുടങ്ങിയത്. വീട്ടില്‍ സി.പി.എമ്മുകാരുണ്ട്, ഇടതുപക്ഷക്കാരുണ്ട് എന്നതുകൊണ്ട് എല്ലാകാലവും ഞങ്ങള്‍ നിങ്ങള്‍ ചെയ്യുന്ന തോന്ന്യവാസം കണ്ടില്ലെന്ന് നടിക്കുമെന്ന് കരുതണ്ട. ഞങ്ങള്‍ കൂട്ടത്തോടെയങ്ങ് വരും. പൊന്ന് കായ്ക്കുന്ന മരമായാലും പുരയ്ക്കുമേലെ പോയാല്‍… അത് ഞാന്‍ പറയുന്നില്ല. ഈ നാട്ടിലെ കമ്മ്യൂണിസ്റ്റുകാരെ വെല്ലുവിളിക്കാന്‍ വന്നാല്‍, ബാബു… നിന്നെ കച്ചവടം നടത്താന്‍ പോലും അനുവദിക്കില്ല. ഞങ്ങള്‍ക്കിത് പറയാന്‍ അത്ര പേടിയൊന്നുമില്ല. ബാബുവിനോട് മാത്രമല്ല, കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ, ഇടതുപക്ഷക്കാര്‍ക്കെതിരായി തെമ്മാടിത്തം കാണിക്കാനാണ് നിങ്ങളുടെയെല്ലാം തീരുമാനമെങ്കില്‍ അടിച്ചുകാലുപൊളി .ക്കും, ഒരു ശങ്കയുമില്ലാന്നാണ് പ്രകാശന്‍ പറയുന്നു.’

പോലീസിന്റെ സാന്നിധ്യത്തില്‍ നാട്ടില്‍ രാഷ്ട്രീയ കലാപം സൃഷ്ടിക്കാന്‍ ബോധപൂര്‍വം അണികളെ ആവേശഭരിതമാക്കിയെന്നും ബി.ജെ.പി ആരോപിച്ചു. പ്രദേശത്തുള്ള ബി.ജെ.പി പ്രവര്‍ത്തകരെ കായികമായി നേരിടുമെന്നും കൊലപ്പെടുത്തുമെന്നും പേരെടുത്ത് പറഞ്ഞ ഒരു ജനപ്രതിനിധി തെരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ബി.ജെ.പി പറഞ്ഞു. പ്രകാശന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കലാപം സൃഷ്ടിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പ്രകാശന് മാത്രമായിരിക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നല്‍കി. വരും നാളുകളില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിക്കുകയോ പ്രവര്‍ത്തനസ്വാതന്ത്ര്യം തടയുകയോ ചെയ്താല്‍ പാര്‍ട്ടി ശക്തമായി പ്രതിരോധിക്കുമെന്നും ബി.ജെ.പി അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് സൗത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ. വേലായുധന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം. ബല്‍രാജ്, മണ്ഡലം സെക്രട്ടറിമാരായ പി. പത്മനാഭന്‍, ബിജി ബാബു, മുനിസിപ്പല്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ. കൃഷ്ണന്‍, ബി.ജെ.പി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!