പഞ്ചഭൂതങ്ങളെയും പഞ്ചേന്ദ്രിയങ്ങളെയും ശുദ്ധീകരിക്കുന്നതില്‍ ഗോക്കള്‍ക്കും സംഗീതത്തിനും പ്രധാന സ്ഥാനം: ആനന്ദവനം ഭാരതി
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ ആറാമത് ദീപാവലി സംഗീതോത്സവം ജൂനാ അഖാഡയിലെ ആനന്ദവനം ഭാരതി സ്വാമികള്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഗോക്കള്‍ക്ക് നമ്മുടെ സംസ്കാരം ദൈവികമായ ഉത്തമ സ്ഥാനമാണ് നല്‍കിയിരിക്കുന്നതെന്ന് സ്വാമികള്‍ പറഞ്ഞു. പഞ്ചേന്ദ്രിയങ്ങളെയും പഞ്ചഭൂതങ്ങളെയും ശുദ്ധീകരിക്കുന്നതിലൂടെ പ്രകൃതി സംരക്ഷണവും വ്യക്തിവികാസവും ഒരുമിച്ച് ഗോപരിപാലനത്തിലൂടെ സാധ്യമാകുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബേക്കല്‍ ഗോകുലമെന്നും ആനന്ദവനം ഭാരതി സ്വാമികള്‍ അഭിപ്രായപ്പെട്ടു. ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍, ഡോ. നാഗരത്ന ഹെബ്ബാര്‍, വെള്ളിക്കോത്ത് വിഷ്ണു ഭട്ട്, ചേപ്പാട് വാമനന് നമ്പൂതിരി, പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
ത വിഷ്ണുപ്രസാദ് ഹെബ്ബാര്‍ രചിച്ച് വെള്ളിക്കോത്ത് വിഷ്ണു ഭട്ട് ഈണം നല്കിയ പത്ത് ഭജനകള്‍ ഡോ. നാഗരത്ന ഹെബ്ബാറിന്റെ നേതൃത്വത്തിലുള്ള പരമ്പര വിദ്യാപീഠം ഭജന സംഘം ആലപിച്ചു. മായാമാളവ ഗൗളത്തിലെ ഗണപതി കൃതി, സരസ്വതി രാഗത്തിലെ ‘പാഹിമാം പരദേവതേ’, രേവതി രാഗത്തിലെ ‘ശങ്കര ശങ്കര’, ഹംസനാദ രാഗത്തില്‍ ആഞ്ജനേയ കൃതി, ചാരുകേശി രാഗത്തില്‍ ‘മിഥിലാപുരി വാസിനി’, കേദാരഗൗളത്തിലെ ‘കണ്ണനുറങ്ങ്’, ഹംസനാദത്തിലെ ‘മാതേ ഗോമാതേ’ എന്നിവയാണ് ഭജനയായി ആലപിച്ചത്. സംസ്ഥാന സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഗോശാല സന്ദര്‍ശിച്ച് ഗോപൂജ നടത്തി.

