കിടപ്പിലായവരെ അനായാസം വീല്‍ചെയറിലേക്ക്; ദേവാമൃതിന്റെയും തേജസ്സിന്റെയും കണ്ടുപിടുത്തത്തിന് കയ്യടി
കാസര്‍കോട്: കിടപ്പിലായ രോഗിയെ എടുത്ത് വീല്ചെയറിലിരുത്തുക എന്നത് പരിചരിക്കുന്നവര്‍ക്ക് വലിയ ആയാസമാണ്. രോഗിക്കാകട്ടെ വേദനയും. ഈ പ്രയാസത്തിന് പരിഹാരവുമായാണ് പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജില്ലാ ശാസ്ത്രോത്സവത്തില്‍ എത്തിയത്. കെ.വി. ദേവാമൃതും തേജസ്സ് രാജും ചേര്‍ന്ന് നിര്‍മിച്ച ഓട്ടമേറ്റഡ് ഹൈഡ്രോ വീല്‍ചെയറാണ് ശാസ്ത്രോത്സവത്തിലെ ശ്രദ്ധാകേന്ദ്രമായത്.
രോഗി ഇരിക്കുന്നിടത്തേക്ക് വീല്‍ചെയര്‍ കൊണ്ടുവന്ന് ഘടിപ്പിച്ച്, എളുപ്പത്തില്‍ അതിലേക്ക് കയറ്റാം എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. മധ്യഭാഗത്തുകൂടി തുറക്കാന്‍ കഴിയുന്നതാണ് വീല്‍ചെയറിന്റെ സീറ്റുകള്‍. വീല്‍ചെയര്‍ തുറന്നശേഷം രോഗിയെ മെല്ലെ ഒന്നുയര്‍ത്തിയാല്‍ ഇതിലേക്ക് ഇരുത്താന്‍ കഴിയും. സാധാരണപോലെ വലിയ അധ്വാനം ആവശ്യമില്ല. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് സീറ്റ് ഉയര്‍ത്താനും താഴ്ത്താനും കഴിയും. ജോയ്സ്റ്റിക് വഴിയാണ് ഇതിനെ നിയന്ത്രിക്കുന്നത്. കൈവിരലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്ന രോഗികള്‍ക്ക് സ്വയം നിയന്ത്രിച്ച് പോകാനും കഴിയും. ആറാം ക്ലാസ് മുതല്‍ ദേവാമൃത് എല്ലാ ശാസ്ത്രമേളയിലും പങ്കെടുക്കുമായിരുന്നു. എങ്കിലും ശ്രദ്ധേയമായ ഒരിനം ചെയ്യാന്‍ സാധിച്ചത് ഇപ്പോഴാണെന്ന് ദേവാമൃത് പറയുന്നു. പൂര്‍ണ്ണ പിന്തുണയുമായി അധ്യാപകനായ പ്രണവ് മാഷ് ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.കോട്ടപ്പറയിലെ വിനോദ് – ബിന്ദു ദമ്പതികളുടെ മകനാണ് ദേവാമൃത്. വാഴക്കോട്ട് കൂളിക്കാട്ടില് രാജുവിന്റെയും അധ്യാപികയായ രമ്യയുടെയും മകനാണ് തേജസ്സ് രാജ്.

