ലോഡ്ജ് മുറിയില്‍ പനത്തടിയിലെ യുവാവിനെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച് കവര്‍ച്ച; 17കാരന് ഉള്‍പ്പെടെ 3 പേര് അറസ്റ്റില്‍
കാസര്‍കോട്: പനത്തടി സ്വദേശിയെയും പെണ്‍സുഹൃത്തിനെയും ലോഡ്ജ് മുറിയില്‍ വച്ച് ആക്രമിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ 17-കാരന് ഉള്‍പ്പെടെ മൂന്നുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.നിരവധി കേസുകളില്‍ പ്രതിയും മധൂര്‍, എസ്.പി നഗറിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സാബിത്ത് (30), നായന്മാര്മൂല, അക്കരപ്പള്ളത്തെ അമീര്‍ അലി (30), 17-കാരന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാജപുരം പോലീസ് സ്റ്റേഷന് പരിധിയിലെ പനത്തടി, കോളിച്ചാല്‍, പാറക്കടവ് ഹൗസിലെ കെ.എ മുഹമ്മദ് ഉദൈഫ് (22), പെണ്‍സുഹൃത്ത് എന്നിവരാണ് അക്രമത്തിന് ഇരയായത്. ബുധനാഴ്ച വൈകിട്ട് 4.30-നും രാത്രി 8 മണിക്കും ഇടയിലാണ് സംഭവം. പരാതിക്കാരനും പെണ്‍സുഹൃത്തും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ‘മളി’ ലോഡ്ജില്‍ 107-ാം നമ്പര്‍ മുറിയെടുത്തിരുന്നു. ഈ മുറിയിലേക്ക് അതിക്രമിച്ച് കയറിയ പ്രതികള്‍ മുഹമ്മദ് ഉദൈഫിന്റെ മുഖത്ത് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം യുവതിയുടെ ഒരു ജോഡി കമ്മല്‍ ഭീഷണിപ്പെടുത്തി ഊരിയെടുക്കുകയായിരുന്നുവെന്ന് കേസില്‍ പറയുന്നു. തുടര്‍ന്ന് മുഹമ്മദ് ഉദൈഫിന്റെ എ.ടി.എം കാര്‍ഡ് വാങ്ങി 10000 രൂപ അപഹരിച്ചതായും പരാതിയില്‍ പറയുന്നു

