പത്താംക്ലാസുകാരന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എസ്.പിക്ക് പരാതി
നീലേശ്വരം: തൈക്കടപ്പുറം അഴിത്തല പണ്ടാരപ്പറമ്പില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി നീരജ് സന്തോഷിന്റെ (15) മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മാതാപിതാക്കളും നാട്ടുകാരും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനില്‍കുമാറിന് പരാതി നല്കി. നവംബര്‍ ഒന്നിന്ഉച്ചയ്ക്കാണ് വീട്ടിലെ കിടപ്പുമുറിയില്‍ നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുവത്തൂര്‍ ജി.ടി.എസില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നീരജ്.
മരണത്തിന് കുറച്ചുദിവസം മുന്‍പ് മുതല്‍ നീരജ് വീട്ടിലെത്തിയാല്‍ വീട്ടുകാരുമായി കൂടുതല്‍ സംസാരിക്കുകയോ പഠനകാര്യങ്ങളില്‍ താത്പര്യം കാണിക്കുകയോ ചെയ്യാറില്ലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതേപ്പറ്റി കുട്ടിയോട് ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. സ്കൂളിലെ ചില വിഷയങ്ങളില്‍ അധ്യാപകരില്‍നിന്ന് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശിക്ഷാനടപടിയായി ഒരു പകല്‍ മുഴുവന്‍ സ്കൂളിലെ സ്റ്റോര്‍ റൂമില്‍ നിര്‍ത്തിച്ചതായും പരാതിയില്‍ ആരോപണമുണ്ട്. മരണദിവസം ഉച്ചയ്ക്ക് വീടിന്റെ മുന്‍വശത്തുനിന്ന് ഒരു ഓട്ടോയില്‍ കടിഞ്ഞിമൂല ഭാഗത്തേക്ക് പോയിവന്ന ശേഷം കുട്ടിയുടെ മുഖത്ത് അടിയേറ്റ പാടുകള്‍ കണ്ടതായും തുടര്‍ന്നാണ് കുട്ടിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടതെന്നും മാതാപിതാക്കളായ പി.പി. സന്തോഷും കെ. നിഷയും പരാതിയില്‍ പറയുന്നു. നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ കെ. പ്രകാശന്, കോണ്‍ഗ്രസ് നേതാവ് കെ.വി. നരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.

