local news

കണിച്ചിറ വളവില്‍ അപകടം പതിവാകുന്നു

കാഞ്ഞങ്ങാട്: മരണവളവായി മാറിയ കാലിച്ചാംപൊതി-കണിച്ചിറ വളവില്‍ അപകടങ്ങള്‍ പതിവാകുന്നു.
നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. നീലേശ്വരത്തുനിന്ന് പെരിയോട്ടടുക്കത്തെ ബിവറേജസ് ഗോഡൗണിലേക്ക് ലോഡെടുക്കാന്‍ പോവുകയായിരുന്ന ലോറി റോഡരികിലെ ക്രാഷ് ബാരിയര്‍ തകര്‍ത്ത് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിലും മരത്തിലും ഇടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ നീലേശ്വരം സ്വദേശി അനില്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ലോറി നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചിരുന്നെങ്കില്‍ സമീപത്തെ വീടിന് മുകളിലേക്ക് വീണ് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. അപകടസമയത്ത് വീട്ടുടമ കാഞ്ഞിരക്കാല്‍ നാരായണനും കുടുംബവും വീട്ടിനകത്തുണ്ടായിരുന്നു.

പത്തിലധികം തവണ വീണിട്ടും പാഠം പഠിക്കാത്ത അധികൃതര്‍

നിരന്തരം അപകടങ്ങള്‍ ഉണ്ടായി ഭീതിയുയര്‍ത്തുന്ന മേഖലയായി കണിച്ചിറ വളവ് മാറിയിട്ട് കാലമേറെയായി. നാരായണന്റെ വീടിനോട് ചേര്‍ന്ന് ഇതുവരെ പത്തിലധികം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ട് വന്നുവീണത്. ഒരിക്കല്‍ വീടിന് പിന്നിലെ ഷെഡിന് മുകളിലേക്ക് വാഹനം പതിച്ച് ഷെഡ് തകര്‍ന്നിരുന്നു. അന്നും തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
കൂലോം റോഡ്, മേക്കാട്ട്, ചളക്കടവ്, കാലിച്ചാംപൊതി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കണിച്ചിറ പാലം വഴി ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, മാവുങ്കാല്‍ എന്നിവിടങ്ങളിലേക്ക് എത്താനുള്ള പ്രധാന എളുപ്പവഴിയാണിത്. നീലേശ്വരം കോണ്‍വെന്റ് ജങ്ഷനില്‍ തുടങ്ങി കല്യാണ്‍ റോഡില്‍ അവസാനിക്കുന്ന മെക്കാഡം റോഡ് കാഞ്ഞങ്ങാട്-നീലേശ്വരം ബൈപാസായും ഉപയോഗിക്കുന്നുണ്ട്. കുത്തനെയുള്ള വളവില്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.

2.23 കോടി അനുവദിച്ചിട്ടും ഫയലില്‍ ഉറങ്ങുന്ന ഡിസൈന്‍

വളവിന്റെ അപകടസാധ്യത പരിഹരിക്കാന്‍ റോഡിന്റെ ഡിസൈന്‍ മാറ്റുന്നതിനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇതിനായി 2.23 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഒരുതവണ ഡിസൈന്‍ തയ്യാറാക്കിയെങ്കിലും സ്ഥലമുടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ പുതിയ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ ഡിസൈന്‍ പൂര്‍ത്തിയായാല്‍ തുടര്‍നടപടികള്‍ ആരംഭിക്കുമെന്ന് കാഞ്ഞങ്ങാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സി. ബിജു അറിയിച്ചു.

 

error: Content is protected !!