പടന്നക്കാട്ടെ അപകടം: തെയ്യം കാണാന്‍ പോയ യുവാക്കളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
കാഞ്ഞങ്ങാട്: തെയ്യം കാണാനുള്ള യാത്ര ദുരന്തത്തില്‍ കഴിഞ്ഞു. പടന്നക്കാട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് ചെറുപ്പക്കാര്‍ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് നാട്. പടിഞ്ഞാറ്റം കൊഴുവല്‍ ഭണ്ഡാരപ്പുരയ്ക്കടുത്ത് അനന്തകൃഷ്ണന്‍ (24), മൂലപ്പള്ളിയിലെ കെ.പി. അനുരാഗ് (22) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് തെരുവത്തെ തെയ്യം കാണാന്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. പടന്നക്കാട് കാര്‍ഷിക കോളേജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവരുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഇരുവരെയും ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേണുഗോപാല്‍ – ശാന്തിയമ്മ ദമ്പതിമാരുടെ മകനാണ് അനന്തകൃഷ്ണന്‍. ബല്‍ത്തങ്ങാടിയില്‍ ബേക്കറി നടത്തുന്ന മനോജ് ബല്‍ത്തങ്ങാടിയുടെയും കെ.പി. രോഷ്‌നിയുടെയും മകനാണ് അനുരാഗ്. നീലേശ്വരം വസന്തവിഹാര്‍ ഹോട്ടലിലെ കൗണ്ടര്‍ സ്റ്റാഫാണ്. സഹോദരി അനന്യ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് (നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). രണ്ട് ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

