പാളത്തില്‍ മരണം കാത്തുകിടന്ന യുവാവിന് എസ്.ഐ സൈഫുദ്ദീന് സമയോചിതമായ ഇടപെടല്‍ ജീവിതം തിരികെ നല്കി
കാഞ്ഞങ്ങാട്: റെയില്‍വേ ട്രാക്കില്‍ തലവച്ച് മരിക്കാന്‍ കിടന്ന യുവാവിനെ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് നാടിനെ നടുക്കിയ സംഭവം.
പടന്നക്കാട് സ്വദേശിയായ യുവതിയാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ പാളത്തിലേക്ക് പോയെന്ന് ഹോസ്ദുര്‍ഗ് കണ്ട്രോള് റൂമില്‍ വിവരം നല്‍കിയത്. വിവരം ലഭിച്ച ഉടന്‍ പട്രോളിങ്ങിലുണ്ടായിരുന്ന എസ്.ഐ സൈഫുദ്ദീന് നീലേശ്വരം യുവതിയെ ഫോണില്‍ വിളിച്ചു. ഭര്‍ത്താവ് വീടുവിട്ട് പോയെന്നും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
ഉടന്‍ തന്നെ സൈഫുദ്ദീന് പടന്നക്കാട് ഭാഗത്തെത്തി, കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ട്രാക്കിലൂടെ തിരച്ചില്‍ തുടങ്ങി. രണ്ട് കിലോമീറ്ററോളം നടന്നിട്ടും ആരെയും കണ്ടില്ല. തിരിച്ച് പടന്നക്കാടെത്തിയപ്പോള് അവിടെ വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ മധു തോയമ്മലിനെയും, ടൗണില്‍ ചായ കുടിക്കാനെത്തിയ യുവാക്കളെയും നാട്ടുകാരെയും കൂട്ടി നീലേശ്വരം ഭാഗത്തേക്ക് വീണ്ടും അന്വേഷണം നടത്തി.
ഇതിനിടയില്‍ സൈഫുദ്ദീന് കാസര്‍കോട് റെയില്‍വേ പോലീസിലും വിവരമറിയിച്ചു. തുടര്‍ന്നുള്ള തിരച്ചിലില്‍ നീലേശ്വരം മൂലപ്പള്ളി പാലത്തിന് സമീപം ട്രാക്കില്‍ തലവച്ച് കിടക്കുന്ന യുവാവിനെ കണ്ടെത്തി.
ആ സമയം കടന്നുപോകേണ്ടിയിരുന്ന ട്രെയിന്‍ വൈകിയതും രക്ഷാപ്രവര്‍ത്തനത്തിന് തുണയായി. ഉടന്‍ തന്നെ യുവാവിനെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു.
ഒരു ജീവന് രക്ഷിക്കാന്‍ പോലീസിനൊപ്പം നാട്ടുകാരും ഒന്നിച്ച രാത്രിയായി അത് മാറി.

