local news

കേരളപ്പിറവി ദിനാഘോഷം: നാലപ്പാടം പത്മനാഭനെയും പി.എസ്. പുണിഞ്ചിത്തായയെയും ജില്ലാ ഭരണകൂടം ആദരിക്കും

 

കാസര്‍കോട്: കേരളപ്പിറവി – മലയാള ദിനാഘോഷത്തിന്റെ ഭാഗമായി എഴുത്തുകാരനും ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍, വിഖ്യാത ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായ എന്നിവരെ ജില്ലാ ഭരണകൂടം ആദരിക്കും. യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ.ടി. രമേഷ്, പ്രമുഖ തെയ്യം കോലധാരി മുകുന്ദന്‍ പെരുമലയന്‍ എന്നിവര്‍ക്കും ആദരവ് നല്‍കും. കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് രാവിലെ 11ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാതല ആഘോഷ പരിപാടികള്‍ നടക്കുക. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ സാക്ഷരതാ മിഷനുമായി സഹകരിച്ചാണ് പരിപാടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് കേരളപ്പിറവി ദിന സന്ദേശം നല്‍കും. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയാകും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി. പ്രഭാകരന്‍, രാധാകൃഷ്ണന്‍ ഒളിയത്തടുക്ക, ഹുസൂര്‍ ശിരസ്തദാര്‍ പി. നസിമുദ്ദീന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം എന്നിവര്‍ സംസാരിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ന, സത്യനാരായണ തന്ത്രി എന്നിവര്‍ ആദരിക്കപ്പെടുന്ന പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി. നൗഷാദ് നന്ദിയും പറയും.
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച വിവിധ മത്സര പരിപാടികള്‍, പ്രഭാഷണങ്ങള്‍, ഭാഷാ പോഷണ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.

 

error: Content is protected !!