State

കരിന്തളത്ത് ദേശീയ യോഗ-പ്രകൃതി ചികിത്സാ കേന്ദ്രം: 100 കിടക്കകളുള്ള ആശുപത്രിക്കായി ടെന്‍ഡര്‍ നടപടി തുടങ്ങി

കാഞ്ഞങ്ങാട്: കരിന്തളത്ത് ദേശീയ യോഗ-പ്രകൃതി ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 100 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പെടുന്ന കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനായി പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചതായി കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാധവ് അറിയിച്ചു. കാഞ്ഞങ്ങാട് എംഎല്‍എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി 2026 ഓഗസ്റ്റ് 19-ന് സെന്‍ട്രല്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് പോര്‍ട്ടലില്‍ ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചതായും കത്തില്‍ പറയുന്നു. കണ്‍സള്‍ട്ടന്റിനെ നിയമിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇ ചന്ദ്രശേഖരന്‍ സംസ്ഥാന റവന്യൂ മന്ത്രിയായിരിക്കെ 15 ഏക്കര്‍ റവന്യൂ ഭൂമി കരിന്തളം വില്ലേജില്‍ 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ 30 വര്‍ഷത്തേക്ക് അനുവദിക്കുകയും 80 കോടി രൂപ ചെലവില്‍ ദേശീയ ആയുഷ് മിഷന്‍ നേതൃത്വത്തില്‍ ആധുനിക ഗവേഷണ കേന്ദ്രത്തോടെ 100 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഫെബ്രുവരി 3-ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് യെസോ നായിക് കെട്ടിട നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം മുന്നോട്ട് പോയില്ല.
ഈ സാഹചര്യത്തിലാണ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നത്.

 

error: Content is protected !!