കാസര്‍കോട് വികസന പാക്കേജ് പ്രഖ്യാപിക്കണം: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍
കാസര്‍കോട്: കാസര്‍കോടിന്റെ വികസന രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സര്‍വതോമുഖമായ വികസനം സാധ്യമാക്കുന്നതിനും കാസര്‍കോട് വികസന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ബിഎംഎസ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബാഹ്യമായി നോക്കുമ്പോള്‍ കാസര്‍കോട് ആകര്‍ഷകമാണ്. എന്നാല്‍ അകത്തളങ്ങളില്‍ അത്ര സുഖകരമല്ല കാര്യങ്ങള്‍. ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ ജില്ല അത്യധികം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടത് ഭരണത്തില്‍ കേരളം 50 വര്‍ഷം പിന്നോട്ട് പോയി. കൊള്ളസംഘത്തെ പറ്റാവുന്നതെല്ലാ അടിച്ചുമാറ്റി. ഒരു ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ 400 രൂപയാകുമ്പോള്‍ കേരളത്തില്‍ പതിനായിരം രൂപയാണ്. മോദിജി ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ ഇന്ന് എല്ലാം ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നു. നേരത്തെ 99 ശതമാനം ഇറക്കുമതി ചെയ്തിരുന്ന മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ ഇന്ന് 99 ശതമാനവും കയറ്റുമതി ചെയ്യുന്ന രാജ്യമായി ഭാരതം മാറി. അമേരിക്ക ഭാരതത്തിന് മേല്‍ ചുങ്കം ചുമത്തിയെങ്കിലും ഭാരതം മൗനമായി നിന്നു. ഭാരതത്തിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ അമേരിക്ക ഇന്ന് മുട്ടുമടക്കിയിരിക്കുകയാണ്. 2014 വരെ പതിനൊന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നമ്മുടെ രാജ്യം ഇന്ന് നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഈ പുരോഗതി ഇല്ലാതാക്കാനാണ് ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നീറ്റ് പരീക്ഷയുടെ നടത്തിപ്പിന് എതിരെ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിലാണ് എസ്ഐആറിന്റെ പേരില്‍ നടക്കുന്ന സമരവും.ഭാരതം വികസിതമാകുന്നത് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരിലും ഭയവും ഭീതിയും സൃഷ്ടിക്കുന്നു. എസ്ഐആറിനെ കുറിച്ചുള്ള എതിര്‍പ്പും ഇതില്‍ ഉള്‍പ്പെടുന്നു. 1955-ല്‍ 35 പേരില്‍ നിന്ന് ആരംഭിച്ച ബിഎംഎസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. പൂജ്യത്തില്‍ നിന്ന് ആരംഭിച്ച ബിഎംഎസ് ഇന്ന് ലോകത്തിന് തന്നെ നേതൃത്വം നല്‍കുന്ന തൊഴിലാളി സംഘടനയായി വളര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ.ഉപേന്ദ്രന്‍ പതാക ഉയര്‍ത്തി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കാസര്‍കോട് ജില്ലാ സംഘചാലക് പ്രഭാകരന്‍ മാസ്റ്റര്‍, സ്വാഗതസംഘ ചെയര്‍മാന്‍ അഡ്വ.എ.സി.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.ടി.കൃഷ്ണന്‍ കോളേത്ത്, മിനി ശ്രീനിവാസന്‍, സുനില്‍ വാഴക്കോട്, ഭരതന്‍ കല്യാണ്‍ റോഡ്, ഗീത ബാലകൃഷ്ണന്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. എം.വി.പ്രദീപ്, ഹരീഷ് കുതിരപ്പാടി, ശിവരാമന്‍, വിശ്വനാഥ ഷെട്ടി, ശോഭ ബല്‍രാജന്‍ എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി മുരളീധരന്‍, സമിതി അംഗം വി.വി.ബാലകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ ബി നായര്‍, ജോയിന്റ് സെക്രട്ടറിമാരായ യശ്വന്തി ബെജ്ജ, ഭാസ്‌കരന്‍ പൊയിനാച്ചി, ഗുരുദാസ് മധൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്ക് ട്രഷറര്‍ ബി.മനീഷ് അവതരിപ്പിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി. ബാലചന്ദ്രന്‍ പാലക്കാട് സംഘാടന ചര്‍ച്ച നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് കുമാര്‍ സമാരോപ് പ്രഭാഷണം നടത്തി. ജില്ലാ ജോ.സെക്രട്ടറി പി.ദിനേശ് സ്വാഗതവും സെക്രട്ടറി കെ.വി. ബാബു നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി കെ.ഉപേന്ദ്രന്‍ (പ്രസിഡന്റ്), അനില്‍.ബി.നായര്‍, പി. ദിനേശ്, സുനില്‍ വാഴക്കോട്, ഹരീഷ് കുട്രപ്പാടി, ഗീത ബാലകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.വി.ബാബു (സെക്രട്ടറി), ലീല കൃഷ്ണന്‍, പ്രദീപ് കേളോത്ത്, ഭാസ്‌കരന്‍ പൊയിനാച്ചി, ഗുരുദാസ് മധൂര്‍, മിനി ശ്രീനിവാസന്‍, യശവന്തി ബേജ്ജ, അജയന്‍ പുതിയകണ്ടം (ജോ.സെക്രട്ടറിമാര്‍), ബി.മനീഷ് (ട്രഷറര്‍).

