പേപ്പര്‍ ഗ്ലാസ് ഒഴിവാക്കിയാല്‍ സ്റ്റീല്‍ ഗ്ലാസുകള്‍ സൗജന്യമായി ലഭിക്കും; പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് വിട; ‘ഇ-കെയര്‍’ പദ്ധതിയുമായി വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ‘ഇ-കെയര്‍ ‘ പദ്ധതിയുമായി കാഞ്ഞങ്ങാട് ജിവിഎച്ച് എസ് സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റും കരിയര്‍ ഗൈഡന്‍സ് സെല്ലും.
സ്‌കൂളില്‍ ഇനി പ്ലാസ്റ്റിക്, പേപ്പര്‍ ഗ്ലാസുകള്‍ പൂര്‍ണമായും ഒഴിവാക്കും. പകരം നൂറിലധികം സ്റ്റീല്‍ ഗ്ലാസുകള്‍ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെയും,ലോഷന്‍ ചലഞ്ചിലൂടെയും സമാഹരിച്ച തുക ഉപയോഗിച്ചു സ്‌കൂളിന് സംഭാവന ചെയ്തു .സ്‌കൂളിലെ എല്ലാ പൊതുപരിപാടികള്‍ക്കും ഈ സ്റ്റീല്‍ ഗ്ലാസുകള്‍ മാത്രം ഉപയോഗിക്കാനാണ് തീരുമാനം.

‘പ്ലാസ്റ്റിക് ഗ്ലാസുകള്‍ ഒഴിവാക്കാം! പകരം സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കാം!’ എന്ന സന്ദേശവുമായി സ്റ്റീല്‍ ഗ്ലാസുകള്‍ കൊണ്ട് ‘ എന്‍ എസ് എസ്’ എന്ന് എഴുതിയാണ് കുട്ടികള്‍ ബോധവല്‍ക്കരണം നടത്തിയത്.
”പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാം നാളേക്ക് വേണ്ടി’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.
പ്ലാസ്റ്റിക് പേപ്പര്‍ ഗ്ലാസ് ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസ് ശീലമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിയാണ് ഇ -കെയര്‍. സ്‌കൂള്‍ പരിസരത്തും , മാനസഗ്രാമത്തിലെ വീടുകളിലും നടത്തുന്ന വിവാഹം, മരണം, ജന്മദിനം തുടങിയ ചടങ്ങുകള്‍ക്ക് സൗജന്യമായി സ്റ്റീല്‍ ഗ്‌ളാസുകള്‍ വിതരണം ചെയ്തു പേപ്പര്‍ ഗ്ലാസുകളുടെ ഉപയോഗം കുറച്ചു പ്രകൃതിയെ സംരക്ഷിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സ്റ്റീല്‍ ഗ്ലാസ് ആവശ്യമുള്ളവര്‍ സ്‌കൂളുമായി ബന്ധപ്പെടണം

കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി എസ് അരുണ്‍, എന്‍ എസ് എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി സമീര്‍ സിദ്ധിഖി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, വോളന്റിയര്‍മാരായ അയന, ഫാത്തിമ, റുസൈന, ഇസ ഫാത്തിമ പി എച്ച് , കെ എം സി ഷഫ്ന നഫീസത്ത്, കുബ്ര പി എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!