കാഞ്ഞങ്ങാട്: അപകടമുണ്ടാക്കി കസ്റ്റഡിയിലെടുത്ത ടോറസ് ലോറിയുടെ ക്യാബിന്‍ നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍. കാഞ്ഞങ്ങാട് ടി.ബി റോഡിലും വാഹനങ്ങള്‍ക്ക് ഭീഷണിയാകുകയാണ് ഈ ക്യാബിന്‍.
ഈ മാസം രണ്ടിന് ദേശീയപാതയില്‍ ആറങ്ങാടിയില്‍ വെച്ച് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് ഷിറിയ സ്വദേശികളായ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ ലോറിയുടെ മുന്‍ഭാഗമായ ക്യാബിനാണ് ഇപ്പോള്‍ രണ്ട് സ്ഥലങ്ങളിലായി അലക്ഷ്യമായി നിര്‍ത്തിയിട്ടിരിക്കുന്നത്. ലോറിയുടെ ഒരു ഭാഗം പോലീസ് സ്റ്റേഷന് മുന്‍വശത്തും, ക്യാബിന്‍ നെഹ്‌റു സ്മൃതി മണ്ഡപത്തിന് സമീപത്തെ ടി.ബി റോഡിലെ നടുറോഡിലുമാണ് ഇട്ടിരിക്കുന്നത്. കുശാല്‍ നഗറില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് ക്യാബിന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ എതിര്‍വശത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയുന്നില്ലെന്നും വലിയ അപകട സാധ്യതയാണ് ഇതുണ്ടാക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
രാത്രികാലങ്ങളില്‍ വെളിച്ചക്കുറവുള്ളതിനാല്‍ അപകട സാധ്യത ഇരട്ടിയാകുകയാണ്. അപകടമുണ്ടാക്കിയ വാഹനം ഇത്തരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ നടുറോഡില്‍ ഉപേക്ഷിച്ച പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എത്രയും പെട്ടെന്ന് ക്യാബിന്‍ റോഡില്‍ നിന്ന് മാറ്റണമെന്നാണ് ഡ്രൈവര്‍മാരുടെയും ആവശ്യം.
