കാഞ്ഞങ്ങാട്: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി.
ബാങ്കുകളില്‍ പഞ്ചദിന പ്രവൃത്തി വാരം നടപ്പിലാക്കുക, കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പിന്‍വലിക്കുക, യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയില്‍ മാറ്റം വരുത്തുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ പണിമുടക്കിയത് . പണിമുടക്ക് സമരം വിജയം കണ്ടില്ലെങ്കില്‍ സെപ്റ്റംബര്‍ 28, 29, 30 തീയതികളിലും, ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാലത്തേക്കുമുള്ള പണിമുടക്കും നടക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു. കാഞ്ഞങ്ങാട് സമര കേന്ദ്രത്തില്‍ നടന്ന ധര്‍ണ്ണ കാഞ്ഞങ്ങാട് എംഎല്‍എ അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാര്‍ ഇ പി (യു എഫ് ബി യു കണ്‍വീനര്‍), ശ്രീജിത്ത് വി പി (എന്‍ സി ബി ഇ ), സുബ്രഹ്മണ്യന് ( എ ഐ ബി ഇ എ ), മനു മനേക് ( എ ഐ ബി ഒ സി ), കെ വി സഞ്ജയന് (സി ഐ ടി യു ), ബാലകൃഷ്ണന് എന്‍ ( എ ഐ ടി യു സി), ഹരിശങ്കര്‍ വി വി (എ ഐ ബി ഇ എ) തുടങ്ങിയവര്‍ സംസാരിച്ചു.
കാസര്‍കോട് കേന്ദ്രത്തില്‍ എ ഐ ടി യു സി) ജില്ലാ സെക്രട്ടറി ടി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. രവീന്ദ്രന് (സി ഐ ടി യു), ആനന്ദ് (എ ഐ ബി ഇ എ), ജിഷ കൃഷ്ണന് എ (എന്‍ സി ബി ഇ ), രാഘവന് ( ബി ഇ എഫ് ഐ ), നിതിന്‍ (എ ഐ ബി ഒ സി )), രാജന് (ബി ഇ എഫ് ഐ ) തുടങ്ങിയവര്‍ സംസാരിച്ചു.വന്‍ പങ്കാളിത്തത്തോടെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.
