കായികമേള താരങ്ങള്‍ക്ക് ജില്ലയിലെ കായിക സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം; താല്‍പര്യമുള്ള വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കി നല്‍കണം

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം കൈവരിക്കുന്നതിന് ആവശ്യമായ പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജില്ലയിലെ കായിക സൗകര്യങ്ങള്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി അനുവദിക്കും. പരിശീലന സൗകര്യം ആവശ്യമുള്ള വിദ്യാര്‍ഥികളുടെ പട്ടിക സ്‌കൂള്‍ മേധാവികള്‍ തയ്യാറാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു.

സൗജന്യ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കാര്‍ഡുമായി പരിശീലനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട കായിക സൗകര്യങ്ങളില്‍ സൗജന്യ പ്രവേശനം അനുവദിക്കും.

ആദ്യഘട്ടത്തില്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക്, സ്വിമ്മിംഗ് പൂള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അക്വാട്ടിക് അക്കാദമി സ്വിമ്മിംഗ് പൂള്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലെ സൗകര്യങ്ങളാണ് അനുവദിക്കുക. തുടര്‍ന്ന് ജില്ലയിലെ മറ്റ് കായിക സൗകര്യങ്ങളും പരിശോധിച്ച് പരിശീലനത്തിനായി പ്രയോജനപ്പെടുത്തും.

സ്‌കൂള്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ചെറുപ്പത്തിലേ കായിക പ്രതിഭകളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കുന്നതിനുമാണ് നടപടി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിന്തറ്റിക് ട്രാക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ സ്‌കൂള്‍ കായികതാരങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ കായിക അധ്യാപകരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍, അത്ലറ്റിക് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കായിക സംഘടനകളുടെ യോഗം വെള്ളിയാഴ്ച ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. സൗജന്യ പരിശീലന സൗകര്യങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പ് മേധാവി ഡോ. എസ്.എസ്. അഭിലാഷ്, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ എം.എസ്. സുദീപ് ബോസ്, ഇ.എം.എസ് സ്റ്റേഡിയം മാനേജര്‍ എം. മനു, കളക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ എ. നിസാമുദ്ദീന്‍, കാസര്‍കോട് മുനിസിപ്പാലിറ്റി അസിസ്റ്റന്റ് സെക്രട്ടറി നാരായണ നായിക്ക്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയത്തിലെ അക്കൗണ്ട് ഓഫീസര്‍ സി. ഉല്ലാസ്, ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

 

error: Content is protected !!