കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപക അവാര്‍ഡ് ലഭിച്ച ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ അധ്യാപകന്‍ സമീര്‍ സിദ്ദീഖിക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയത് അക്ഷരങ്ങളുടെ അപൂര്‍വ്വ സ്‌നേഹാദരം.
അവാര്‍ഡ് ലഭിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 101 പുസ്തകങ്ങള്‍ മാഷിന് സമ്മാനിച്ചു. പുസ്തകങ്ങളോട് അഭിനിവേശമുള്ള അധ്യാപകനാണ് സമീര്‍ മാഷ്. മാഷിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലായി പത്തിലധികം ഓപ്പണ്‍ ലൈബ്രറികള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. മാഷിന്റെ വീട്ടില്‍ തന്നെ ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഹോം ലൈബ്രറിയും ഉണ്ട്. കൂടാതെ തന്റെ ജന്മദിനത്തില്‍ വയസിന് ആനുപാതികമായ എണ്ണം പുസ്തകം നല്‍കുന്ന പതിവുണ്ട്. തനിക്ക് ലഭിച്ച 101 പുസ്തകങ്ങളും പൊതുയിടങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍ എസ് എസ് യൂണിറ്റ് നടത്തുന്ന ‘അക്ഷരത്തണല്‍’ എന്ന ഓപ്പണ്‍ ലൈബ്രറി പദ്ധതിയിലേക്ക് നല്‍കുമെന്ന് സമീര്‍ മാഷ് പറഞ്ഞു. ‘കുട്ടികള്‍ നല്‍കിയ പുസ്തകങ്ങള്‍ എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ എത്തിക്കുമ്പോഴാണ് അതിന് പൂര്‍ണത ലഭിക്കുന്നത്’ എന്ന് പ്രിന്‍സിപ്പാള്‍ : അരുണ്‍ പി എസ് കൂട്ടിച്ചേര്‍ത്തു. വായനയുടെ വെളിച്ചം പരത്തുന്ന അധ്യാപകന് വിദ്യാര്‍ത്ഥികള്‍ പുസ്തകം കൊണ്ട് തന്നെ നല്‍കിയ ആദരം ഏറെ ശ്രദ്ധേയമായി. അധ്യാപക ദിനത്തോടനുബന്ധിച്ച്, വിരമിച്ച അധ്യാപികമാരായ ആര്‍. കമലമ്മാളിനെയും(ബയോളജി, ദുര്‍ഗ എച്ച് എസ് എസ് ) ജാനകി റ്റീച്ചറെയും (ഹിന്ദി, ജി എച്ച് എസ് എസ് ബല്ല ഈസ്റ്റ്) എന്നിവരെയും എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വീടുകളില്‍ പോയി ആദരിച്ചു.
പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മജ്ജു, എസ് സനി ത, സിന്ധു പി രാമന്‍, പൂജ, അശ്വനി, ശ്വാമിത പി പി , സുബിത, പ്രജീഷ് സി എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി
