കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രക്രിയയെയും സംവിധാനങ്ങളെയും കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ ഇളക്കിവിട്ട് അരാജകത്വം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും സിജെപി ഉള്‍പ്പെടെയുള്ള സംഘടനകളുടെയും നീക്കങ്ങള്‍ക്കെതിരെ ബിജെപി ജില്ലയില്‍ വിവിധ പരിപാടികളോട് കൂടി ജനാധിപത്യ വിശ്വാസികളെ അണിനിരത്തി ജനാധിപത്യ സംരക്ഷണ ക്യാംപയിന്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്ററും കണ്ണൂര്‍ മേഖല പ്രഭാരിയുമായ വി.കെ. സജീവന്‍ പറഞ്ഞു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ നടന്ന ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഉപരി ഭാരവാഹികളുടെയും ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം ഇവിഎം മെഷീനുകളുടെ മേല്‍ ചുമത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മോദിവിരുദ്ധ പാര്‍ട്ടികള്‍ രംഗത്തെത്തിയതെന്ന് വി.കെ. സജീവന്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്ന ദൃശ്യങ്ങളാണ് ഡല്‍ഹിയിലെ സമരങ്ങളില്‍നിന്ന് പുറത്തുവന്നത്. ആള്‍ക്കൂട്ടത്തെ അണിനിരത്തി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അധികാരത്തില്‍നിന്ന് പുറത്താക്കാനും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ താറടിച്ചുകാണിക്കാനുമുള്ള നീക്കങ്ങളെ ജനാധിപത്യ സംരക്ഷണ ക്യാംപയിനിലൂടെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, കണ്ണൂര്‍ മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്‍, എ. വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത് എന്നിവര്‍ സംസാരിച്ചു.
