മടിക്കൈ :നാല് പതിറ്റാണ്ട് മുമ്പ് വീടുവിട്ടിറങ്ങിയ അച്ഛനെ മക്കള്‍ക്ക് തിരിച്ചുകിട്ടി. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ലീന്‍ അഗസ്റ്റിനെ (70) ആണ് മക്കള്‍ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുപോയത്.
മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഇടപെടലിലാണ് കുടുംബം വീണ്ടും ഒന്നിച്ചത്.
ഏകദേശം 40 വര്‍ഷം മുമ്പാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് 16 വര്‍ഷം മുമ്പ് മലപ്പച്ചേരിയിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തുകയായിരുന്നു. അച്ഛനെ മക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാലം കഴിഞ്ഞതോടെ മരിച്ചുപോയെന്ന് കരുതിയിരിക്കുകയായിരുന്നു.
സ്ഥാപന അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും ഉള്‍പ്പെടെയുള്ള കുടുംബം ഏറെ വികാരനിര്‍ഭരമായ കൂടിക്കാഴ്ചയ്ക്ക് ശേഷം പിതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. 20 വര്‍ഷമായി ആരോരുമില്ലാത്തവര്‍ക്ക് അഭയം നല്കുന്ന സ്ഥാപനമാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം. നിലവില്‍ 120 ഓളം അച്ഛനമ്മമാര്‍ ഇവിടെയുണ്ട്.
