പരാതി പറഞ്ഞിട്ട് ഫലമുണ്ടായില്ല; ബിജെപി കൗണ്‍സിലര്‍ ജല അതോറിറ്റി ഓഫീസില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നിലത്തിരുന്ന് ബിജെപി കൗണ്‍സിലറുടെ പ്രതിഷേധം. പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്നാണ് അഞ്ചാം വാര്‍ഡ് കൗണ്‍സിലറും ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റുമായ എം.പ്രശാന്താണ് കാഞ്ഞങ്ങാട് ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ മുറിയില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചത്. കസേരയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും കൗണ്‍സിലര്‍ കൂട്ടാക്കിയില്ല. പൈപ്പ് നന്നാക്കുമെന്ന് ഉറപ്പു കിട്ടും വരെ നിലത്തിരിക്കും എന്ന വാശിയിലായിരുന്നു അദ്ദേഹം. ഉടന്‍ നന്നാക്കുമെന്ന എന്‍ജിനീയറുടെ ഉറപ്പു ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം കുടിവെള്ള പൈപ്പ് നന്നാക്കുകയും ചെയ്തു. ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാത്തതാണ് കുടിവെള്ള പൈപ്പു നന്നാക്കാന്‍ കാലതാമസം വന്നതിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാഞ്ഞങ്ങാട് ദേവന്‍ റോഡിലാണ് കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായത്. മഴ കാരണം പൈപ്പ് പൊട്ടിയത് ആദ്യം വ്യക്തമായില്ല. മഴ മാറിയതോടെയാണ് കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നത് മനസ്സിലായത്. നന്നാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ഓഫീസില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചതെന്ന് കൗണ്‍സിലര്‍ എം.പ്രശാന്ത് പറഞ്ഞു. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നു വീടുകളിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടിരുന്നു. മുന്‍ കൗണ്‍സിലര്‍മാരായ എച്ച്.ആര്‍.ശ്രീധരന്‍, എന്‍.അശോക് കുമാര്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റും കൗണ്‍സിലുമായ എച്ച്.ആര്‍. സുകന്യ എന്നിവരും വിവരമറിഞ്ഞ് സ്ഥലത്തെത്തി.

 

error: Content is protected !!