പാണത്തൂര്‍ : റാണിപുരത്ത് കേബിള്‍ കാര്‍ അപകടമുണ്ടായ സ്ഥലം വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ ബി രാമു, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രശാന്ത് വി. ജോസഫ് എന്നിവര്‍ സന്ദര്‍ശിച്ചു. മതിയായ രേഖകള്‍ ഒന്നുമില്ലാതെയാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ആരംഭിച്ചതെന്ന് ചുണ്ടിക്കാട്ടി. അപകടത്തെക്കുറിച്ച് ജില്ലാ ഭരണകൂടവും ചേര്‍ന്ന് ശരിയായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇന്നലെ വൈകിട്ടാണ് റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ സിപ്പ് ലൈനില്‍ നിന്നും വീണ് ജീവനക്കാരന് ദാരുണാന്ത്യം സംഭിച്ചത്. ബളാംന്തോട് ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ കൃഷ്ണന്റെ മകന് സനൂപ്(25) അണ് മരിച്ചത്. വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവതി സിപ്പ് ലൈനില്‍ സഞ്ചരിക്കാനുള്ള സുരക്ഷാ ബെല്‍റ്റ് അണിഞ്ഞ് പുറപ്പെടുന്നതിനിടെ അബദ്ധത്തില്‍ ജീവനക്കാരന്റെ കയ്യില്‍ കയറി പിടിച്ചതായി പറയപ്പെടുന്നു. തുടര്‍ന്ന് സിപ്പ് ലൈനില്‍ സഞ്ചരിക്കുന്നതിന് ഉപയോഗിക്കുന്ന സുരക്ഷാ ബല്റ്റില് തൂങ്ങി 300 മീറ്ററോളം ദൂരെയുള്ള ലാന്‍ഡിങ് സ്ഥലത്തിന് സമീപം വരെ എത്തിയെങ്കിലും സനൂപ് തളര്‍ന്ന് വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സിപ്പ് ലൈന്‍ ഉടമയും ജീവനക്കാരും ചേര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് സനൂപ് സിപ്പ് ലൈന്‍ ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചത്. മാതാവ്: ജാനകി. സഹോദരങ്ങള്‍: ശരത്ത്, ശ്യാം. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് സ്ഥലം ലീസിനെടുത്താണ് അടുത്തകാലത്ത് സാഹസിക വിനോദമായ സിപ്പ്ലൈന്‍ സഞ്ചാരം തുടങ്ങിയത്.
