ആരോഗ്യ വകുപ്പില്‍ വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ആരോഗ്യക്കൂട്ടത്തിന്റെ സംഗമം ഒന്നിച്ചോണം നടന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പൊതുജനാരോഗ്യ വിഭാഗത്തില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ആരോഗ്യക്കൂട്ടത്തിന്റെ സംഗമം ഒന്നിച്ചോണം കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ വച്ച് നടന്നു. ആരോഗ്യമേഖലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണം, കുട്ടികളുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃശിശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ സേവനം നല്‍കി വിരമിച്ചവരുടെ സംഗമം ഏറെ ഹൃദ്യമായി. സംഗമം പൂരക്കളി, കഥാപ്രസംഗം, ഗാനരചന തുടങ്ങിയ മേഖലയില്‍ പ്രശസ്തനായ കക്കുന്നം പത്മനാഭന്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ ഗംഗന്‍ കാഞ്ഞങ്ങാടിനെ ആദരിക്കുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ധനസഹായവും നല്‍കി. സിനിമ, നാടകം, മിമിക്രി, ഷോട്ട് ഫിലിം ഡയരക്ടര്‍, തെയ്യം തുടങ്ങിയ മേഖലയില്‍ പ്രശസ്തനായ ആരോഗ്യ പ്രവര്‍ത്തകന്‍ കൂടിയായ പ്രകാശന്‍ ചന്തേര,നൃത്താദ്ധ്യാപിക,ജയശ്രീ ജയരാജ്, ഗാന രചയിതാവ് വേണു മാസ്റ്റര്‍, ശോഭന.വി സിനിമാ താരം ഷൈനി വിജയന്‍ എന്നിവരെ ആദരിച്ചു.
ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്ത് വ്യായാമത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള യോഗ ഡാന്‍സ് അവതരണം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. തിരുവാതിര, സംഘനൃത്തം, മിമിക്രി, തുടങ്ങി വിവിധ കലാപരിപാടികളും, വിവിധ കായിക മല്‍സരങ്ങളും അരങ്ങേറി. വിന്‍സന്റ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.എം.പി.ശ്രീമണി, വേണുഗോപാലന്‍.എം, ദീപ കീപ്പേരി എന്നിവര്‍ സംസാരിച്ചു. ശ്രീനിവാസന്‍ കാങ്കോല്‍ സ്വാഗതവും, ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.

 

error: Content is protected !!